അന്താരാഷ്‌ട്ര മയക്കുമരുന്നു വിരുദ്ധദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു
കണ്ണൂര്‍: അന്താരാഷ്‌ട്ര മയക്കുമരുന്നു വിരുദ്ധദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂര്‍ ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്റെ ലഹരിവിരുദ്ധദിന സന്ദേശം ചടങ്ങില്‍ വായിച്ചു. മേയര്‍ ഇ.പി. ലത ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിമുക്തിക്ക് വേണ്ടി കവി മധൂസൂദനന്‍ നായര്‍ രചിച്ച് പണ്ഡിറ്റ് രമേശ് നാരായണന്‍ സംഗീതം നല്‍കി വിജയ് യേശുദാസ് ആലപിച്ച തീം സോങ് ചടങ്ങില്‍ പ്രകാശനം ചെയ്തു.
ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടപ്പാക്കി സംസ്ഥാനത്ത് മികച്ച ലഹരിവിരുദ്ധ സന്നദ്ധ സംഘടനയായി തെരഞ്ഞെടുക്കപ്പെട്ട തിരുവനന്തപുരം വെള്ളനാട് കരുണാസായി ഡിഅഡിക്ഷന്‍ സെന്ററിന് പ്രശസ്തി പത്രവും 25,000 രൂപയും മികച്ച സന്നദ്ധ പ്രവര്‍ത്തകനായി തെരഞ്ഞെടുക്കപ്പെട്ട എറണാകുളം സ്വദേശി ഡോ. എം.എന്‍ വെങ്കിടേശ്വരന് 10,000 രൂപയും പ്രശസ്തി പത്രവും മുഖ്യമന്ത്രി സമ്മാനിച്ചു.
മികച്ച സ്‌കൂള്‍ ക്ലബായി തെരഞ്ഞെടുക്കപ്പെട്ട കൂത്തുപറമ്പ് തൊക്കിലങ്ങാടി സ്‌കൂള്‍, മികച്ച കോളേജ് ലഹരിവിരുദ്ധ ക്ലബ് ആയ തൃശൂര്‍ എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജ് മികച്ച സ്‌കൂള്‍ ക്ലബ് അംഗം കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ ഗേള്‍സ് എച്ച്.എസ്.എസ് പ്ലസ് ടു വിദ്യാര്‍ത്ഥിനി നാസിയ ബി.എന്‍, കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളേജ് സുവോളജി രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി കാര്‍ത്തിക എസ്, സംസ്ഥാനതല ക്വിസ് മത്സരത്തില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്കും ചടങ്ങില്‍ മുഖ്യമന്ത്രി പുരസ്‌കാരം നല്‍കി.
എക്‌സൈസ് വകുപ്പ് ജില്ലാതലങ്ങളില്‍ നടത്തിയ ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കുട്ടികള്‍ക്കും ലഹരിവിരുദ്ധ ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ സമ്മാനാര്‍ഹമായ ടീമിനും എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പ്രശസ്തി പത്രവും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു.















