വൈക്കം: വീടിനുള്ളില്‍ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ നാലംഗ കുടുംബത്തിലെ രണ്ട് പേര്‍ മരിച്ചു. തലയാഴം ചില്ലയ്‌ക്കല്‍ സുരേഷിന്റെ ഭാര്യ സോജ(38)മൂത്ത മകന്‍ സൂരജ്(14) എന്നിവരാണ് മരിച്ചത്. സുരേഷ്(45) ഇളയ മകന്‍ ശ്രീഹരി(11) എന്നിവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ഇന്നലെ പുലര്‍ച്ചെ ആറോടെ സുരേഷിന്റെ വീട്ടില്‍ നിന്ന് കൂട്ടനിലവിളി കേട്ടാണ് പരിസരവാസികള്‍ ഓടിയെത്തിയത്. വീട്ടില്‍ നിന്ന് പുക പുക ഉയരുകയും ജനല്‍ ചില്ലുകള്‍ പൊട്ടിചിതറുകയും ചെയ്തതോടെ ആപത്ത് മണത്ത നാട്ടൂകാര്‍ അടച്ചിട്ടിരുന്ന മുറി ചവിട്ടി തുറന്ന് അകത്ത് ചെന്നപ്പോഴാണ് കുടുബത്തിലെ 4 അംഗങ്ങളും ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടത്. മുറിക്ക് സമീപത്തുനിന്ന് തീകൊളുത്താന്‍ ഉപയോഗിച്ച പെട്രോളിന്റെ കാന്‍ കണ്ടെടുത്തു.
സുരേഷിന്റെ ഇളയ മകന്‍ ശ്രീഹരിക്ക് സംസാരിക്കാന്‍ കഴിയുന്നുണ്ട്. വൈക്കം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌േട്രറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശൂപത്രിയില്‍ എത്തി സുരേഷിന്റെയും ശ്രീഹരിയുടെയും മൊഴിയെടുത്തു.
വീടിനോട് ചേര്‍ന്ന് ചായക്കട നടത്തി വരുന്ന സുരേഷ് വൈകുന്നേരം അവിടെ തട്ടുകടയും നടത്തിയിരുന്നു. ഇന്നലെ പുലര്‍ച്ചെ സുരേഷിനൊപ്പം താമസിക്കുന്ന അമ്മ രമണി കടയിലേക്ക് പാല് വാങ്ങുവാന്‍ പോയ നേരമാണ് വീട്ടില്‍ ദുരന്തം അരങ്ങേറിയത്. സോജയുടെയും സൂരജിന്റയും മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശൂപത്രിമോര്‍ച്ചറിയില്‍. വൈക്കം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.
















