കണ്ണൂര്‍: ഒറ്റക്ക് താമസിക്കുകയായിരുന്ന മധ്യവയസ്കയെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ പൂര്‍ത്തിയായി. കുണ്ടഞ്ചേരി കുഞ്ഞിരാമന്റെ മകളായ നളിനി (55) നെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണയാണ് ഇന്നലെ പൂര്‍ത്തിയായത്. തലശ്ശേരി അഡീഷനല്‍ ജില്ലാ കോടതിയിലാണ് കേസിന്റെ വിചാരണ നടന്നത്. ഇന്ന് അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ബി.പി.ശശീന്ദ്രനും പ്രതിഭാഗം അഭിഭാഷകനും തമ്മിലുളള വാദം നടക്കും. കേസിലെ 28 സാക്ഷികളേയും ഇതിനകം വിസ്തരിച്ചു. സാക്ഷി വിസ്താരത്തില്‍ 27 പേര് കൃത്യമായ മറുപടി നല്കിയപ്പോള് മറ്റൊരു സാക്ഷിയായ പ്രതിയുടെ ഭാര്യ റജീന കൂറുമാറി.
2010 ഒക്ടോബര്‍ 31നാണ് കേസിനാസ്പദമായ സംഭവം. എരഞ്ഞോളി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായിരുന്ന കുണ്ടഞ്ചേരി കുഞ്ഞിരാമന്റെ മകളായ നളിനി കുടകളത്ത് ഒറ്റക്കായിരുന്നു താമസം. ഇവരുടെ അയല്‍വാസി വാടകവീട്ടില്‍ താമസിക്കുന്ന ചികമംഗളുരു സ്വദേശി നസീര്‍ രാവിലെ ഏഴരമണിയോടെയാണ് കൃത്യം നടത്തിയത്. നളിനിയുടെ വീട്ടിലെത്തിയ നസീര്‍ ഷാള്‍ ഉപയോഗിച്ച് നളിനിയെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. ഇവര്‍ ധരിച്ചിരുന്ന ഒന്നേമുക്കാല്‍ പവന്റെ മാലയും പഴ്സില്‍ സൂക്ഷിച്ച ഒരുപവന്റെ വളയും കവര്‍ന്നെടുത്ത ശേഷം പ്രതി അവിടെ നിന്ന് മുങ്ങുകയായിരുന്നു. സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ പ്രതിയെ മൂന്നാംനാള്‍ തലശ്ശേരി സിഐ യു.പ്രേമന് അറസ്റ്റുചെയ്യുകയായിരുന്നു.
കവര്‍ന്നെടുത്ത സ്വര്‍ണം 32,400 രൂപക്കാണ് ശാരദ ജ്വല്ലറിയില്‍ വില്‍പ്പന നടത്തിയത്. ഈ സ്വര്‍ണവും ജ്വല്ലറിയില്‍ നിന്ന് പോലീസ് കണ്ടെടുത്തിരുന്നു. നസീര്‍ പണം നല്‍കാനുണ്ടായിരുന്ന പലര്‍ക്കും സ്വര്‍ണം വിറ്റ പണത്തില്‍ നിന്ന് നല്‍കുകയും ചെയ്തു. ഇവരുടെ മൊഴികളാണ് കേസില്‍ പ്രതിയെ പിടിക്കാന്‍ നിര്‍ണായകമായത്. പ്രതിയുടെ ഭാര്യയുടെ കയ്യില്‍ നിന്ന് വിറ്റ സ്വര്‍ണത്തിന്റെ ബാക്കി തുകയായ 5000 രൂപ പോലീസ് കണ്ടെടുത്തു. എന്നാല്‍ ആദ്യഘട്ടത്തില്‍ പ്രതിക്കെതിരെ മൊഴി നല്‍കിയിരുന്ന പ്രതിയുടെ ഭാര്യ കഴിഞ്ഞ ദിവസം കോടതിയില്‍ പ്രതിക്ക് അനുകൂലമായി മൊഴി നല്‍കുകയായിരുന്നു. പ്രതി നടത്തിയത് കവര്‍ച്ചക്കുവേണ്ടിയുള്ള കൊലപാതകമാണെന്നാണ് പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം. മത്സ്യകച്ചവടക്കാരനായ നസീര്‍ എട്ടുവര്‍ഷത്തോളമായി ഭാര്യയും മൂന്നുമക്കളോടൊപ്പം എരഞ്ഞോളി വാടകവീട്ടില്‍ താമസിച്ച് വരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: