ന്യൂദല്‍ഹി: ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടം പൊട്ടിപ്പുറപ്പെട്ട മീററ്റില്‍ അഴിമതി പ്രചാരണ വിഷയമാക്കി മോദിയുടെ പരിവര്‍ത്തന്‍ റാലി. സമാജ്‌വാദി പാര്‍ട്ടി, കോണ്‍ഗ്രസ്, അഖിലേഷ് യാദവ്, മായാവതി എന്നത് അഴിമതിയുടെ ചുരുക്കെഴുത്താണെന്ന് മോദി പറഞ്ഞു. ഇംഗ്ലീഷില്‍ അഴിമതിക്ക് ‘സ്‌കാം’ എന്നാണ് പറയുന്നത്. ഈ വാക്കുകളുടെയെല്ലാം ആദ്യാക്ഷരം ചേര്‍ത്തുവെച്ചാല്‍ ‘സ്‌കാം’ എന്ന വാക്ക് ലഭിക്കുമെന്ന് മോദി ചൂണ്ടിക്കാട്ടി.
നിയമസഭാ തെരഞ്ഞെടുപ്പ് അഴിമതിക്കെതിരായ പോരാട്ടമാണ്. അഴിമതിക്കാര്‍ക്ക് വോട്ടു ചെയ്താല്‍ ഉത്തര്‍പ്രദേശിന് ഗുണമുണ്ടാകില്ല. ഏതാനും മാസം മുന്‍പ് സംസ്ഥാനത്ത് റാലി നടത്തി അഴിമതിക്കും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്കും സമാജ്‌വാദി പാര്‍ട്ടിയെ കുറ്റം പറഞ്ഞ കോണ്‍ഗ്രസ് ഇപ്പോള്‍ അവരുടെ കൂടെയാണ്. ഒറ്റ രാത്രി കൊണ്ട് സുഹൃത്തുക്കളാകാന്‍ മാത്രം എന്താണ് സംഭവിച്ചതെന്നും മോദി ചോദിച്ചു. ജനങ്ങളെ സഹായിക്കാനല്ല, അധികാരം മാത്രമാണവര്‍ക്ക് താല്‍പ്പര്യം. സ്വയം രക്ഷിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഉത്തര്‍പ്രദേശിനെ രക്ഷിക്കാനാകില്ല.
1857ല്‍ മീററ്റില്‍ ആരംഭിച്ച ഒന്നാം സ്വാതന്ത്ര്യസമരം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ബ്രിട്ടീഷുകാര്‍ക്കെതിരെയാണ് അന്ന് മീററ്റ് പോരാടിയത്. ദാരിദ്ര്യം ഇല്ലാതാക്കാനുള്ള പോരാട്ടമാണിപ്പോള്‍. യുപിക്ക് വികസനത്തിന് അനന്ത സാധ്യതകളുണ്ട്. എന്നാല്‍ യുവാക്കള്‍ക്ക് ജോലി തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വരുന്നു. കേന്ദ്രസര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന പണം സംസ്ഥാന സര്‍ക്കാര്‍ വകമാറ്റുന്നു. നാലായിരം കോടി രൂപ കേന്ദ്രസര്‍ക്കാര്‍ നല്‍കി. എന്നാല്‍ 250 കോടി പോലും അഖിലേഷ് ചെലവഴിച്ചില്ല. കേന്ദ്രത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനം തടയിടുന്നതായും മോദി പറഞ്ഞു.
















