ചൈനീസ് സര്‍ക്കാര്‍ രാജ്യത്തുടനീളം കണ്‍ഫ്യൂഷസിനെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കാന്‍ നൂറുകണക്കിന് സ്‌കൂളുകള്‍ സ്ഥാപിച്ചിരിക്കുന്നു. ധര്‍മ്മനിഷ്ടയും ഈശ്വരചിന്തയും ഗുരുഭക്തിയും സ്വഭാവദാര്‍ഢ്യവുമുള്ള തലമുറയെ വളര്‍ത്തിയെടുക്കാനാണിത്. ഇന്നത്തെ ലോകത്ത് പരിശുദ്ധമായ മാര്‍ക്‌സിസം നടപ്പാക്കുന്ന രാഷ്‌ട്രമെന്ന് അവകാശപ്പെടുന്ന ചൈനയില്‍നിന്നു വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തതാണിത്. (ദ ഹിന്ദു, 2017 ജനുവരി 13) ഭാരതത്തെയും ഹിന്ദുത്വത്തെയും അപഹസിക്കല്‍ തൊഴിലാക്കിയിരിക്കുന്ന ഒരു പത്രമാണ് ഈ വാര്‍ത്ത നല്‍കിയിരിക്കുന്നത്.
ചൈനയിലെ കമ്മ്യൂണിസ്റ്റാധിപത്യം മുതല്‍, സാംസ്‌കാരികവിപ്ലത്തിനുശേഷവും അടുത്തകാലം വരെ പുരാതന തത്വചിന്തകനായ കണ്‍ഫ്യൂഷസിന്റെയും ശ്രീബുദ്ധന്റെയും പാരമ്പര്യത്തെ എങ്ങനെയൊക്കെ പരിഹസിച്ചിരുന്നു എന്നതിന് ചരിത്രം സാക്ഷിയാണ്. ഇന്ന് ഇതിന് സംഭവിക്കുന്ന മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ മാര്‍ക്‌സിസ്റ്റുകള്‍ മഹത്തായ ഭാരതീയ സംസ്‌ക്കാരത്തെയും പാരമ്പര്യത്തെയും നിന്ദിക്കുന്നത് കാണുമ്പോള്‍ കൂപമണ്ഡൂകങ്ങള്‍ എന്നല്ലാതെ എന്താണ് ഇവരെ വിളിക്കുക.
ഈ മന്വന്തരത്തിലെ ഏറ്റവും ശ്രേഷ്ഠമായ വേദങ്ങളെയും ഉപനിഷത്തുകളെയും ശാസ്ത്രങ്ങളെയും ഉള്‍ക്കൊള്ളുന്ന ഭാഷയാണ് സംസ്‌കൃതം. ഇനിയൊരു ആയിരം വര്‍ഷമെങ്കിലും ആധുനികശാസ്ത്രത്തിന് കണ്ടുപിടിക്കാനുള്ള അറിവിന്റെ ഖനിയാണത്. ഇത്ര മഹത്തായ ചിന്താസരണി മറ്റൊരിടത്തുമില്ല. പക്ഷെ ഇന്ത്യന്‍ സഖാക്കള്‍ക്ക് ഇതൊക്കെ തുറന്നമനസ്സോടെ അംഗീകരിക്കാനാവുന്നില്ല. അവരെ ഭരിക്കുന്നത് വെള്ളം ചേരാത്ത കാപട്യമാണ്.
അപരനാമങ്ങളില്‍ പൂമൂടല്‍, ഭാര്യമാരെ വിട്ട് ക്ഷേത്രദര്‍ശനം, നേര്‍ച്ചകള്‍ എന്നിവയൊക്കെയാണ് നിരീശ്വരവാദികളെന്ന് മേനിനടിക്കുന്ന കമ്മ്യൂണിസ്റ്റുകള്‍ ചെയ്തുപോരുന്നത്. മാര്‍ക്‌സിസ്റ്റുകാരനായ ഒരു ദേവസ്വം മന്ത്രി ചുമതലയുടെ ഭാഗമെന്നനിലയ്‌ക്ക് ശബരിമലയില്‍ തൊഴാനെത്തി. എന്നിട്ട് അയ്യപ്പന്റെ ശ്രീകോവിലിന് മുന്നില്‍ പുറതിരിഞ്ഞുനിന്ന് ഫോട്ടോയെടുപ്പിച്ച് പോരുന്നത് നാം കാണുകയുണ്ടായി. ഇപ്പോഴത്തെ ദേവസ്വം മന്ത്രി വളരെ ഭക്തിയോടെ ശ്രീകോവിലിന് മുന്നില്‍ കാത്തുനിന്ന് ദീപാരാധന തൊഴുത്, കര്‍പ്പൂരദീപത്തെ നമസ്‌ക്കരിച്ച് സായുജ്യമടയുന്നതും കണ്ടു. അധികം താമസിയാതെ ഇരുമുടിക്കെട്ടുമായി കമ്മ്യൂണിസ്റ്റ് മന്ത്രിമാര്‍ തന്നെ മലചവിട്ടുമോ?
ഉദരംഭരികളായ ഇക്കൂട്ടര്‍ ഏത് സത്യത്തെയും ധര്‍മ്മത്തെയും നന്മകളെയും ആദ്യം എതിര്‍ക്കും. ശരിയായ അച്ചടക്കമില്ലാതെ വളരുന്ന കുട്ടികളെയും ചെറുപ്പക്കാരെയും നിരക്ഷരകുക്ഷികളായ പാവങ്ങളെയും സാമൂഹ്യവിരുദ്ധരെയും എന്തിനേറെ, രാജ്യദ്രോഹികളെപ്പോലും സന്ദര്‍ഭത്തിനനുസരിച്ച് സംഘടിപ്പിച്ച് രാജ്യത്ത് അരാജകത്തം സൃഷ്ടിക്കുക ഇവരുടെ ഗൂഢപദ്ധതിയാണ്.
കാള്‍ മാര്‍ക്‌സിന്റെ കാലംമുതല്‍ ഹിന്ദുത്വം ഇവര്‍ക്ക് കൈയ്‌ക്കുന്നതാണ്. സത്യത്തെ തമസ്‌കരിച്ച് ആത്മവഞ്ചനയുടെ രാഷ്‌ട്രീയം കളിക്കുന്ന കമ്മ്യൂണിസ്റ്റുകള്‍ക്കറിയാം ഒരുകാലത്തും ഇന്ത്യയിലെ ജനങ്ങളെ തങ്ങളുടെ നുകത്തിന്‍ കീഴിലാക്കാന്‍ കഴിയില്ലെന്ന്. എന്നിട്ടും കാപട്യങ്ങള്‍ തുടരുകയാണ്. രാമായണ പാരായണവും സ്വാമിവിവേകാനന്ദന്‍, ശ്രീനാരായണഗുരു തുടങ്ങിയവരെ സ്വന്തമാക്കലും ഇതിന്റെ ഭാഗമാണ്.
















