കൊച്ചി: മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശനിയമത്തില്‍ നിന്നു ഒഴിവാക്കുന്ന നടപടി ഇടതുപക്ഷസര്‍ക്കാറിനു ആശ്വാസ്യമല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കൊച്ചിയില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തതായിരുന്നു അദ്ദേഹം.
വിവരാവകാശ നിയമത്തിലെ സിപിഐയുടെ നിലപാടിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചതിന് പിന്നാലെയാണ് കാനത്തിന്റെ പരാമര്‍ശം. സര്‍ക്കാര്‍ വിവരാകാശ നിയമത്തിന് എതിരാണെന്ന വാദം ശരിയല്ലെന്നും ചിലര്‍ അങ്ങനെ വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും പിണറായി പറഞ്ഞിരുന്നു.
മന്ത്രിസഭാ തീരുമാനം എടുത്താല്‍ അത് പരസ്യമാണ്. അവ അറിയാന്‍ പൗരന് അവകാശമുണ്ട്. പൗരന്റെ അവകാശം സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. എന്നാല്‍, അത് ചില ഭരണാധികാരികള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് കാനം പറഞ്ഞു. വിവരാവകാശ കമ്മീഷണറുടെ ഉത്തരവിനെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള ഹര്‍ജി പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
















