തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതി പാമ്പാടി നെഹ്‌റു കോളേജ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കാന്‍ ഒത്തുകളിച്ച നിയമമന്ത്രി എ.കെ.ബാലന്‍ രാജിവയ്‌ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സ്വന്തം ഭാര്യ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ചെയര്‍മാനെ സംരക്ഷിക്കാന്‍ നിയമ മന്ത്രി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് കോടതിയില്‍ നടന്ന ഒത്തുകളിയെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ പ്രസ്താവനയില്‍ ആരോപിച്ചു.
കളക്ടര്‍ വിളിച്ചു ചേര്‍ത്ത സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അനുവദിക്കണം എന്നായിരുന്നു കൃഷ്ണദാസിന്റെ ജാമ്യാപേക്ഷയിലെ ഒരുപ്രധാന വാദം. എന്നാല്‍ കൃഷ്ണദാസിനെ യോഗത്തിന് ക്ഷണിച്ചിരുന്നില്ലെന്നും പ്രിന്‍സിപ്പാളിനെയാണ് ക്ഷണിച്ചതെന്നും കളക്ടര്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നു. ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ സമാധാന ചര്‍ച്ച കഴിഞ്ഞിരുന്നുവെന്നതും കോടതില്‍ നിന്നും മറച്ചുവച്ചു.
ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ കൃഷ്ണദാസിനെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ വക്കീല്‍ സ്വീകരിച്ചത്. അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ കോടതിയില്‍ഉണ്ടായിട്ടും അവരാരും ഈ ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ നടപടിയെടുത്തില്ല എന്നതും അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണെന്ന് വി. മുരളീധരന്‍ പറഞ്ഞു.
ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ സര്‍ക്കാര്‍ നടത്തുന്ന അന്വേഷണം വെറും പ്രഹസനമാണെന്നു വ്യക്തമാണ്. മരണം നടന്നിട്ട് 37 ദിവസം കഴിഞ്ഞാണ് പോലീസ് പ്രതികളെ തീരുമാനിക്കുന്നത്. 40 ദിവസം കഴിഞ്ഞാണ് രക്തക്കറ കണ്ടെത്തുന്നതും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതും. പൊലീസിന്റെ ഈ വീഴ്ചകളെല്ലാം പ്രതികള്‍ക്ക് തെളിവ് നശിപ്പിക്കാനുള്ള അവസരമൊരുക്കാനാണെന്ന് വ്യക്തം.
സര്‍ക്കാരും സ്വാശ്രയ മാനേജ്‌മെന്റുകളുമായി ഒത്തുകളിച്ചു ഹൈക്കോടതില്‍ കേസുകള്‍ തോറ്റുകൊടുക്കുന്നത് ഇത് ആദ്യമായിട്ടല്ല. സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ദ്ധനയുമായി ബന്ധപ്പെട്ട കേസില്‍ ഈ സര്‍ക്കാര്‍ തോറ്റുകൊടുക്കുന്നത് നാം കണ്ടതാണെന്നും വി.മുരളീധരന്‍ പറഞ്ഞു.
















