കൊച്ചി: മെട്രോ ഉദ്ഘാടനച്ചടങ്ങില്‍ മെട്രോമാന്‍ ഇ. ശ്രീധരന് നിലയ്‌ക്കാത്ത കരഘോഷം. ഉദ്ഘാടന സമ്മേളനത്തിന് സ്വാഗതം ആശംസിച്ച കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് ശ്രീധരന്റെ പേര് പരാമര്‍ശിച്ചപ്പോഴാണ് സദസ്സ് ഒന്നടങ്കം മിനിറ്റുകള്‍ നീണ്ട കരഘോഷം മുഴക്കിയത്. അദ്ദേഹത്തിന് പ്രസംഗം മുഴുമിക്കാന്‍ കൈയടി നിലയ്‌ക്കും വരെ കാത്തുനില്‍ക്കേണ്ടിവന്നു.
പിന്നീട് കേന്ദ്രമന്ത്രി എം. വെങ്കയ്യ നായിഡു പ്രസംഗത്തിനിടെ ശ്രീധരന്റെ പേര് പറഞ്ഞപ്പോഴും സമാനരീതിയില്‍ വന്‍ കൈയടിയാണ് സദസ്സില്‍നിന്ന് ഉയര്‍ന്നത്.
നേരത്തെ മെട്രോയാത്രയിലും ശ്രീധരന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുണ്ടായിരുന്നു. പാലാരിവട്ടം റെയില്‍വേസ്‌റ്റേഷനില്‍ എത്തിയ മോദി ശ്രീധരനോട് കാര്യങ്ങള്‍ വിശദമായി സംസാരിച്ചു.
അദ്ദേഹത്തോടൊപ്പമെത്തിയെങ്കിലും നാട മുറിക്കുന്ന സമയത്ത് പിന്നോട്ടു നീങ്ങിയ ശ്രീധരനെ കേന്ദ്രമന്ത്രി വെങ്കയ്യയാണ് മുന്‍പിലേക്ക് ക്ഷണിച്ചത്. മോദി നാട മുറിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയനെ ഹസ്തദാനം ചെയ്ത ശേഷം ഒരേ ഒരാള്‍ക്കേ കൈകൊടുത്തുള്ളു, അത് ശ്രീധരനാണ്. ശ്രീധരന് പ്രധാനമന്ത്രി കല്പ്പിക്കുന്ന പ്രാധാന്യം അതില്‍ നിന്നുതന്നെ വ്യക്തമാണ്. അതു മനസിലാക്കാതെയാണ് മോദി പ്രസംഗത്തില്‍ ശ്രീധരനെപ്പറ്റി ഒന്നും പറഞ്ഞില്ലെന്ന് പരാതി പറയുന്നതും പരിഹസിക്കുന്നതും.
ഉദ്ഘാടന ചടങ്ങിന് ശേഷം മെട്രോമാനൊപ്പം സെല്‍ഫിയെടുക്കാനും അദ്ദേഹത്തോട് സംസാരിക്കാനും വേദിക്ക് പുറത്ത് വന്‍ തിരക്കായിരുന്നു. പോലീസ് ഏറെ പണിപ്പെട്ടാണ് അദ്ദേഹത്തെ ജനക്കൂട്ടത്തിനിടയിലൂടെ കൊണ്ടുപോയത്.
ജനങ്ങള്‍ നല്‍കിയ ആദരവില്‍ തനിക്കേറെ സന്തോഷമുണ്ടെന്ന് മാത്രമാണ് അദ്ദേഹം പ്രതികരിച്ചത്. കൊച്ചി മെട്രോയുടെ മാത്രമല്ല ദല്‍ഹി മെട്രോ, കൊങ്കണ്‍ റെയില്‍പ്പാത, രാമേശ്വരത്ത് കടലിനു കുറുകെയുള്ള പാലം തുടങ്ങിയവയുടെയെല്ലാം ശില്പ്പി അദ്ദേഹമാണ്.
















