ഇരിട്ടി (കണ്ണൂര്‍): മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് മെമ്പറും ബിജെപി പേരാവൂര്‍ മണ്ഡലം വൈസ്പ്രസിഡണ്ടുമായ പാലപ്പുഴയിലെ എം.വിനീതയുടെ വീട് കരിഓയില്‍ ഒഴിച്ചു വികൃതമാക്കി. വീടിന്റെ മുന്‍വശത്തുള്ള ചുമരുകളിലും വരാന്തയിലുമാണ് കരി ഓയില്‍ ഒഴിച്ചത്.
ഇന്നലെ പുലര്‍ച്ചെ 4 മണിയോടെയാണ് അക്രമം നടന്നത്.
സംഭവം നടക്കുമ്പോള്‍ വിനീതയും ഭര്‍ത്താവ് ബാബുവും രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നു. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഎം ശക്തികേന്ദ്രമായ മുഴക്കുന്ന് പഞ്ചായത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ചത് മുതല്‍ വിനീതക്കും കുടുംബത്തിനും നിരന്തരമായ ഭീഷണി ഉണ്ടായിരുന്നു. വര്‍ഷങ്ങളായി പ്രതിപക്ഷം പോലുമില്ലാതെ സിപിഎം കുത്തകയാക്കിവെച്ചിരുന്ന മുഴക്കുന്ന് പഞ്ചായത്തില്‍ കഴിഞ്ഞ തവണ രണ്ട് വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിരുന്നു.
പൊതുപ്രശ്‌നങ്ങളില്‍ പഞ്ചായത്ത് ഓഫീസിനകത്തും പുറത്തും ബിജെപിയുടെ മെമ്പര്‍മാര്‍ ശക്തമായ ഇടപെടലുകളാണ് നടത്തുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ആറളം ഫാമില്‍വെച്ച് കാട്ടുപന്നിയെ വെടിവെച്ച് കൊന്നതുമായി ബന്ധപ്പെട്ട് പ്രദേശത്തെ സിപിഎം സംഘത്തിനെതിരെ വനം വകുപ്പ് കേസെടുത്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട് വിനീതക്കും കുടുംബത്തിനും പ്രാദേശിക സിപിഎം നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് നിരന്തരമായ ഭീഷണി ഉയര്‍ന്നിരുന്നു. അക്രമത്തിന് പിന്നില്‍ ഇതേ സംഘമാണെന്നാണ് സൂചന. മുഴക്കുന്ന് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
















