കൊച്ചി: ആലുവ മുതല്‍ പാലാരിവട്ടം വരെ 13.26 കിലോ മീറ്റര്‍ ദൂരത്തിലാണ് മെട്രോ ആദ്യഘട്ട സര്‍വീസ് തുടങ്ങിയത്. 11 സ്റ്റേഷനുകളാണ് ഇതിനിടയിലുള്ളത്. ആലുവ, പുളിഞ്ചോട്, കമ്പനിപ്പടി, അമ്പാട്ടുകാവ്, മുട്ടം, കളമശേരി, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി, പത്തടിപ്പാലം, ഇടപ്പള്ളി, ചങ്ങമ്പുഴ പാര്‍ക്ക്, പാലാരിവട്ടം എന്നീ സ്റ്റേഷനുകളിലാണ് ആദ്യ ഘട്ടത്തില്‍ ട്രെയിന്‍ എത്തുക.
തിങ്കാളാഴ്ച മുതല്‍ ആരംഭിക്കുന്ന യാത്രാ സര്‍വീസിന് ദിവസവും 219 ട്രിപ്പുകളുണ്ടാകും. ആറു ട്രെയിനുകള്‍ രാവിലെ ആറു മുതല്‍ രാത്രി 10 വരെ സര്‍വീസുണ്ടാകും. മിനിമം ടിക്കറ്റ് നിരക്ക് 10 രൂപയാണ്. ആലുവ മുതല്‍ പാലാരിവട്ടം വരെ 40 രൂപയും.
പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളേജ് വരെ ഓണത്തിന് സര്‍വീസ് തുടങ്ങിയേക്കും. മഹാരാജാസ് കോളേജ് മുതല്‍ പേട്ട വരെ യാത്ര ആരംഭിക്കാന്‍ കുറഞ്ഞത് രണ്ടര വര്‍ഷം വേണ്ടിവരും. 22 സ്റ്റേഷനുകളാണ് പേട്ട വരെയുള്ളത്.
ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി തോമസ് ചാണ്ടി, ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍, കൊച്ചി മേയര്‍ സൗമിനി ജെയിന്‍ തുടങ്ങിയവരും ഉദ്ഘാടന വേദിയില്‍ മോദിക്കൊപ്പമുണ്ടായിരുന്നു.
















