കൊച്ചി: ഹാരിസണ്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി പിടിച്ചെടുക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ എതിര്‍കക്ഷികളാക്കി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
ഹാരിസണ്‍ പ്ലാന്റേഷന്‍സിന്റെ കൈവശമുള്ള ഭൂമിയും ഇവര്‍ കൈമാറിയ ഭൂമിയും സര്‍ക്കാര്‍ ഭൂമിയാണെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ എംജി രാജമാണിക്യം കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ ഭൂമി തിരിച്ചെടുക്കാന്‍ ആഭ്യന്തര മന്ത്രിയുടെ ചുമതലകൂടിയുള്ള മുഖ്യമന്ത്രി നടപടി സ്വീകരിക്കുന്നില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
ഹാരിസണിന്റെ പക്കല്‍ 65,000 ഏക്കര്‍ ഭൂമിയുണ്ടെന്നാണ് കണക്ക്. തോട്ടങ്ങളുള്‍പ്പടെയുള്ള ഈ ഭൂമിയില്‍ ചിലതൊക്കെ പലപ്പോഴായി പലര്‍ക്കും കൈമാറി. വിദേശ കമ്പനിയായ ഹാരിസണ്‍ വ്യാജരേഖ ചമച്ചാണ് ഭൂമി വന്‍തോതില്‍ കൈവശപ്പെടുത്തിയതെന്നും സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. ഹാരിസണ്‍ ഭൂമി കണ്ടുകെട്ടണമെന്നും വ്യാജരേഖ ചമച്ചവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും രാജമാണിക്യം 2016 സെപ്തംബറില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
കൂടാതെ ഹാരിസണ്‍ ഭൂമിയെക്കുറിച്ച് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റും സിബിഐയും അന്വേഷിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഇതിലൊന്നും നടപടി ഉണ്ടായില്ലെന്ന് ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നു. രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ടിന്മേല്‍ എന്തു നടപടിയെടുത്തുവെന്ന് അറിയിക്കാന്‍ നിര്‍ദ്ദേശിക്കണമെന്നാണ് ഹര്‍ജിയിലെ ഇടക്കാല ആവശ്യം.
















