പട്ടികജാതി അവകാശ സംരക്ഷണയാത്രയുടെ ഉദ്ഘാടനം വൈക്കത്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നിര്‍വ്വഹിക്കുന്നു.
വൈക്കം: പീഡനങ്ങളും അതിക്രമങ്ങളും വഴി പട്ടിക വര്‍ഗ്ഗ സമൂഹത്തെ മുഖ്യധാരയില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ചില ഗൂഢശക്തികള്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചു വരികയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.
ചികിത്സാപിഴവുമൂലം മരിച്ച ചെമ്മനത്തുകര പൂത്രയേഴത്ത് കോളനിയിലെ ശോഭയുടെ സ്മൃതിമണ്ഡപത്തിനു സമീപത്തുനിന്ന് ആരംഭിച്ച പട്ടികജാതി മോര്‍ച്ചയുടെ നേതൃത്വത്തിലുള്ള പട്ടികജാതി അവകാശ സംരക്ഷണയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള ജനത തിരസ്‌ക്കരിച്ച ഉച്ചനീചത്വങ്ങളും മാമൂലുകളും തിരിച്ചുകൊണ്ടുവരാന്‍ സിപിഎം പോലുള്ള രാഷ്‌ട്രീയ ശക്തികള്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. പിണറായിയുടെ ഭരണത്തില്‍ എഴ് മാസം കൊണ്ട് അഞ്ച് പട്ടികജാതിക്കാര്‍ പോലീസ് ലോക്കപ്പില്‍ കൊല്ലപ്പെട്ടു. അഞ്ഞൂറിലധികം പട്ടികജാതി പീഡന കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ശ്രീനാരായണ ഗുരുദേവനും, അയ്യങ്കാളിയും, ചട്ടമ്പിസ്വാമിയും സ്വപ്‌നം കണ്ട സമൂഹത്തെ സൃഷ്ടിക്കാന്‍വേണ്ടി പുത്തന്‍ ജനശക്തി ഉയര്‍ന്നുവരേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി.എം.വേലായുധന്‍, ഭാരതീയ പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രിഡന്റ്അഡ്വ. പി.സുധീര്‍, സുധീഷ്ശിവന്‍, എന്‍.ഹരി, പി.ജി. ബിജുകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
















