കണ്ണൂര്‍: സിപിഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി വീണ്ടും ഇ.പി.ജയരാജന്‍ എംഎല്‍എ. തോളിലിരുന്നു ചെവി തിന്നുന്ന മാനസികാവസ്ഥ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളെ ബാധിക്കരുതെന്നും ഇടതു പക്ഷത്തു നില്‍ക്കുകയും വലതു പക്ഷത്തിനു സേവനം ചെയ്യുകയുമാണ് എസ്എഫ്‌ഐയെ കരിവാരിത്തേക്കാന്‍ നടക്കുന്ന ചിലര്‍ ചെയ്യുന്നതെന്നും സിപിഎം കേന്ദ്രകമ്മറ്റി ഗംഗം കൂടിയായ ജയരാജന്‍ ഫെയ്‌സ് ബുക്കില്‍ തുറന്നടിച്ചു.
സിപിഐ വലിയ പാര്‍ട്ടിയല്ലെന്നും നമ്പൂതിരിയുടെ വെളിച്ചത്തില്‍ വാര്യര്‍ക്ക് ഊണ് എന്ന അവസ്ഥയിലാണ് അവരെന്നുമുള്ള ഇപിയുടെ പ്രസ്താവനയില്‍ വിവാദം കെട്ടടങ്ങുന്നതിന് മുമ്പാണ് പുതിയ പരാമര്‍ശവുമായി ജയരാജന്‍ രംഗത്തെത്തിയത്. ഒരു കോളേജിലെ സമരത്തെ ഗവണ്‍മെന്റ് വിരുദ്ധ കലാപമാക്കിമാറ്റി ആ സമരത്തിന് ഇടതുപക്ഷമുഖം നല്‍കുവാനുള്ള ശ്രമം രാഷ്‌ട്രീയജീര്‍ണതയാണ്. വാചക വിരുന്നുകളിലൂടെ ആ ജീര്‍ണതയെ ന്യായീകരിക്കാനുള്ള ശ്രമം അപഹാസ്യവുമാണ്. ഇന്ദിരാഗാന്ധിയുടെ ഫാസിസ്റ്റ് തേര്‍വാഴ്ചയ്‌ക്ക് ഹാലേലുയ്യ പാടി അധികാരം പങ്കിട്ടവര്‍ അന്നും ഇത്തരം ന്യായങ്ങളും ന്യായീകരണങ്ങളും നിരത്തിയിട്ടുണ്ടെന്നുള്ളതാണ് ചരിത്രമെന്നും സിപിഐയുടെ പേരെടുത്ത് പറയാതെ ജയരാജന്‍ കുറ്റപ്പെടുത്തി.
കേരള ലോ അക്കാദമിക്ക് ഭൂമി നല്‍കിയത് ആരാണെന്നത് രഹസ്യമല്ല. ആ ചെയ്തിയും അവസരവാദവും പുറത്തു വരുമ്പോള്‍ പ്രായശ്ചിത്തം ചെയ്യുവാന്‍ എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും മെക്കിട്ടുകയറുന്നത് രാഷ്‌ട്രീയ മര്യാദയുമല്ല, സാമാന്യ മര്യാദയുമല്ല. റവന്യൂ ഭൂമിയില്‍ കെട്ടിടം പണിതു മേല്‍ വാടകയ്‌ക്ക് കൊടുത്ത് കച്ചവടം നടത്തുന്നവര്‍ നാട്ടിലുണ്ട്. അത്തരക്കാര്‍ക്കു പോലും നിയമ പരിരക്ഷ നല്‍കിയത് ആരാണെന്നു ഓര്‍ത്താല്‍ നല്ലത്. രാഷ്‌ട്രീയമായി ശ്രദ്ധ നേടാനുള്ള അഭ്യാസങ്ങള്‍ അതിരുവിടുന്നത് ശുഭകരമല്ല. ഗവണ്‍മെന്റിനെ ദുര്‍ബലപ്പെടുത്തുവാന്‍ ശത്രുക്കള്‍ക്ക് ആയുധം നല്‍കുന്നത് അപലപനീയമാണ്.
വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും പ്രകോപനം സൃഷ്ടിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും വലതുപക്ഷ ശക്തികള്‍ക്ക് സഹായം നല്‍കുകയും ചെയ്യുന്നത് മിതമായി പറഞ്ഞാല്‍ ഇരിക്കുന്ന കൊമ്പ് മുറിക്കാന്‍ നോക്കലാണ്. ഇടതുപക്ഷശക്തികളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളില്‍നിന്നും ഇത്തരം ആളുകള്‍ പിന്മാറിയില്ലെങ്കില്‍ ഇപ്പോള്‍ കൂടെനില്‍ക്കുന്ന ചില്ലറ ആളുകളും കൂടി പിരിഞ്ഞുപോകുന്ന ദയനീയ സ്ഥിതിയിലേക്ക് അധഃപതിക്കും എന്ന് ഓര്‍മ്മപ്പെടുത്തുന്നു എന്ന് കൂടി സൂചിപ്പിച്ച് കൊണ്ടാണ് സിപിഐക്കെതിരായ ജയരാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
















