മുംബൈ: ലൈംഗിക ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ആപൂര്‍വ്വ പച്ചമരുന്നുകള്‍ നിയമവിരുദ്ധമായി ചൈനവഴി ഇന്ത്യയിലേക്ക് കടത്തുന്നതിനിടെ പിടിയില്‍. ഹിമാലയന്‍സാനുക്കളില്‍ മാത്രം കാണപ്പെടുന്ന 33,000 കിലോഗ്രം പച്ചമരുന്നുകളാണ് മുംബൈ വൈല്‍ഡ്‌ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ (ഡബ്ല്യൂസിസിബി) ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.
ലൈംഗികശേഷി വര്‍ധിപ്പിക്കുന്നതിനും പെര്‍ഫ്യൂമുകള്‍ ഉണ്ടാക്കുന്നതിനുമാണ് ഇത് കൂടുതലായും ഉപയോഗിക്കുന്നത്. കൂടാതെ സന്ധിവാതം, ആസ്ത്മ, ദഹന രോഗങ്ങള്‍ എന്നിവയ്‌ക്കും ഈ മരുന്നുകള്‍ ഫലപ്രദമാണെന്നും കണ്ടെത്തിയിട്ടുണ്ട്. മൂന്നു ചരക്കുകളിലായാണ് ഈ മരുന്നുകള്‍ കണ്ടെത്തിയത്. ചൈന വഴിയാണ് ഇത് ഇന്ത്യയിലേക്കെത്തിയിരുന്നത്. ദല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഖരി ബവോലി സ്‌പൈസസ് മാര്‍ക്കറ്റ്, അമൃത്സറിലെ മരുന്നു വ്യാപാരികള്‍ എന്നിവരാണ് ഇറക്കുമതിക്ക് പിന്നില്‍.
അന്താരാഷ്‌ട്ര വിപണിയില്‍ കോടികള്‍ വിലമതിക്കുന്നതാണ് ഇവയെന്ന് ഡബ്ല്യൂസിസിബി റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എം. മരാങ്കോ അറിയിച്ചു. മാര്‍ച്ചില്‍ റായ്ഗഢിലെ ജവഹര്‍ലാല്‍ നെഹ്‌റു പോര്‍ട്ടില്‍ നിന്നാണ് മരുന്നിന്റെ ആദ്യ ലോഡ് കണ്ടെത്തിയത്. രണ്ടാമത്തേത് ഏപ്രിലിലും മൂന്നമത്തേത് ജൂണിലുമാണ് കണ്ടെത്തിയത്. 33 മെട്രിക് ടണ്ണായിരുന്നു ഇവയുടെ ഭാരം.
വന്യജീവി സംരക്ഷണ നിയമം 1972 പ്രകാരം ഇത്തരം ചെടികള്‍ കൃഷി ചെയ്യുന്നതിനും, വിളവെടുക്കുന്നതിനും, വില്‍ക്കുന്നതിനും പ്രത്യേകം ലൈസന്‍സ് ആവശ്യമാണെന്ന് മരാങ്കോ അറിയിച്ചു. അതേസമയം ഹിമാചലിന്റെ കുറച്ച് ഭാഗങ്ങളില്‍ മാത്രമാണ് ഈ മരുന്നുകള്‍ കൃഷി ചെയ്യുന്നത്. എന്നാല്‍ ആയുര്‍വേദം, ചൈനീസ്, ടിബറ്റന്‍ പാരമ്പര്യ മരുന്നുകള്‍ എന്നിവയ്‌ക്കായി ഈ പച്ച മരുന്നുകള്‍ വന്‍ തോതില്‍ ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ മേഖലയിലെ കള്ളക്കടത്തുകള്‍ വര്‍ധിച്ചുവരികയാണെന്നും ഡബ്ല്യൂസിസിബി മേധാവി തിലോത്തമ വെര്‍മ അറിയിച്ചു.
















