ആലപ്പുഴ: ആലപ്പുഴയില്‍ മൊബിലിറ്റി ഹബ് സ്ഥാപിക്കാന്‍ ആലോചന. പരിസ്ഥിതി സൗഹൃദമായി നിര്‍മിക്കുന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ വെബ്‌സൈറ്റിലിടാനും ജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങള്‍ സ്വരൂപിക്കാനും ധനമന്ത്രി ഡോ. തോമസ് ഐസക് നിര്‍ദേശിച്ചു. മന്ത്രി ജി. സുധാകരന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഹബിന്റെ രൂപരേഖ അവതരിപ്പിച്ചത്.
പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഒരു വിദഗ്ധ സമതിയെ നിയോഗിക്കാനും യോഗത്തില്‍ തീരുമാനമായി.നഗരവികസനത്തിനായി റയില്‍, ബോട്ട്, ബസ് യാത്രാസൗകര്യങ്ങളെ ഒരുകുടക്കീഴില്‍ കൊണ്ടുവരികയാണ് മൊബിലിറ്റി ഹബ് ലക്ഷ്യമിടുന്നത്. നിലവിലുള്ള ബസ് സ്റ്റാന്റ് അത്യാധുനിക രീതിയില്‍ വികസിപ്പിച്ച് രണ്ടു നിലകളിലായാണ് പദ്ധതി വിഭാവന ചെയ്യുന്നത്. ഇതോടൊപ്പം ബോട്ടുജട്ടി പുനര്‍നിര്‍മ്മിച്ച് വലിയ സാംസ്‌കാരിക സമുച്ചയവും വിഭാവന ചെയ്യുന്നു. നാലുകിലോമീറ്റര്‍ അകലെയുള്ള റയില്‍വെ സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാരെ ഹബിലേക്ക് എളുപ്പത്തില്‍ എത്തിക്കാന്‍ പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ മോണോറയിലും ലക്ഷ്യമിടുന്നുണ്ട്.
പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നുവെന്നുറപ്പാക്കിയാല്‍ സാമ്പത്തികം ഒരു പ്രശ്‌നമാകില്ലെന്ന് ധനമന്ത്രി ഉറപ്പുനല്‍കി. മൊബിലിറ്റി ഹബിന്റെ വിശദമായ പദ്ധതിരേഖ സമര്‍പ്പിക്കാന്‍ അഞ്ചുമാസം വേണ്ടിവരും.
















