ചെന്നൈ: നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ തമിഴ്‌നാട് മുഖ്യമന്ത്രി പളനിസാമി നിയമസഭയില്‍ വിശ്വാസവോട്ട് നേടി. എട്ടിനെതിരെ 122 വോട്ടുകള്‍ക്കാണ് പളനിസാമി അവതരിപ്പിച്ച വിശ്വാസ പ്രമേയം പാസ്സായത്. പ്രതിപക്ഷ അംഗങ്ങളുടെ അസാന്നിധ്യത്തിലായിരുന്നു സഭയില്‍ വോട്ടെടുപ്പ് നടന്നത്.
സഭയില്‍ നിന്ന് പുറത്താക്കപ്പെട്ട ഡിഎംകെ നേതാവ് സ്റ്റാലിന്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുകയാണ്. പളനിസാമിയുടെ വിശ്വാസവോട്ടിന് നിയമസാധുതയില്ലെന്ന് കാണിച്ച് സ്റ്റാലിന്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കും.
രാവിലെ വിശ്വാസവോട്ടിനായി സമ്മേളിച്ചപ്പോള്‍ മുതല്‍ നാടകീയരംഗങ്ങള്‍ക്കാണ് സഭ സാക്ഷ്യം വഹിച്ചത്. രഹസ്യബാലറ്റ് വേണമെന്ന് ആവശ്യപ്പെട്ട് പനീര്‍ശെല്‍വം പക്ഷവും ഡിഎംകെ അടക്കമുള്ള അംഗങ്ങളും പ്രതിഷേധിച്ചതോടെ സംഘര്‍ഷത്തിലേക്കും കയ്യാങ്കളിയിലേയ്‌ക്കും വഴിമാറി.
ഡിഎംകെ അംഗം പൂങ്കോതൈ അല്ലാഡി അരുണ ബഞ്ചില്‍ കയറി നിന്ന് രഹസ്യബാലറ്റ് വേണമെന്ന് ആവശ്യപ്പെട്ട് ബഹളം വെച്ചു. തുടര്‍ന്ന് ഡിഎംകെ അംഗങ്ങള്‍ പേപ്പര്‍ വിലിച്ചുകീറി എറിയുകയും, സ്പീക്കറുടെ ചേംബറില്‍ കയറി കസേരയും മൈക്രോഫോണുകളും തകര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് സഭ രണ്ട് തവണ സ്പീക്കര്‍ ധനപാലിന് നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു.
















