ഡാര്‍ജിലിങ്ങ്: സിങ്ങ്മാരി മേഖലയില്‍ പ്രതിഷേധക്കാരായ ഗൂര്‍ഖ ജനമുക്തി മോര്‍ച്ച പ്രവര്‍ത്തകര്‍ പോലീസും അര്‍ധസൈനികവിഭാഗവുമായി ഏറ്റുമുട്ടിയതില്‍ ഒരു സുരക്ഷാ സൈനികനും ഒരു പ്രതിഷേധക്കാരനും കൊല്ലപ്പെട്ടു. എട്ടു പോലീസുകാര്‍ക്ക് പരിക്കേറ്റു.
ഇന്ത്യന്‍ റിസര്‍വ് ബെറ്റാലിയനിലെ അസിസ്റ്റന്‍ഡ് കമാന്‍ഡന്റ് കിരണ്‍ തമാങ്ങാണ് കൊല്ലപ്പെട്ടത്. കാര്‍ കത്തിക്കാനുളള ശ്രമം തടഞ്ഞ കിരണ്‍ തമാങ്ങിനെ പ്രതിഷേധക്കാര്‍ കഴുത്തറുത്ത് കൊല്ലുകയായിരുന്നു.
പോലീസിനുനേരെ പ്രതിഷേധക്കാര്‍ നടത്തിയ വെടിവെപ്പിലാണ് പ്രതിഷേധക്കാരിലൊരാള്‍ മരിച്ചതെന്ന് ഡാര്‍ജിലിങ്ങ് എഡിജിപി പത്രക്കാരോട് പറഞ്ഞു. മൂന്ന് വ്യത്യസ്ഥ സ്ഥലങ്ങളില്‍ നിന്നെത്തിയ പ്രതിഷേധ റാലി സിങ്ങ്മാരിയില്‍ സംഗമിച്ചപ്പോള്‍ പോലീസ് തടയാന്‍ ശ്രമിച്ചതിനെതുടര്‍ന്നാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. സുരക്ഷ സൈനികര്‍ക്കുനേരെ കുപ്പിയും കല്ലും വലിച്ചെറിഞ്ഞു. പോലീസ് വാഹനങ്ങള്‍ കത്തിച്ചു. പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചശേഷം ലാത്തിചാര്‍ജും നടത്തി.
നിയമസഭ സാമാജികന്‍ അമല്‍ റായിയുടെ മകനും ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച മാധ്യമ ഉപദേശകനുമായി ബിക്രം റായിയെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് സംഘര്‍ഷം മൂര്‍ഛിച്ചത്. പോലീസും തൃണമൂല്‍ പ്രവര്‍ത്തകരും ചേര്‍ന്ന് തന്റെ വീട് അടിച്ചുതകര്‍ത്ത് വീട്ടുകാരെ ഭീഷണിപ്പെടുത്തിയതായി ഗൂര്‍ഖ ജനമുക്തി മോര്‍ച്ച നേതാവ് ബിനയ് തമാങ്ങ് ആരോപിച്ചു. തൃണമൂല്‍ പ്രവര്‍ത്തകന്‍ ദേവരാജ് ഗുരുങ്ങിന്റെ വീടിനുനേരെ ഗൂര്‍ഖ മോര്‍ച്ച പ്രവര്‍ത്തകര്‍ പെട്രോള്‍ ബോംബെറിഞ്ഞു.
സംസ്ഥാനത്തെ സ്‌കൂളുകളില്‍ ബംഗാളി നിര്‍ബന്ധമാക്കുമെന്ന മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് ഗൂര്‍ഖ മോര്‍ച്ച നടത്തുന്ന അനിശ്ചിതകാല സമരം ആറാം ദിനം പിന്നിട്ടു. സമരത്തെ തുടര്‍ന്ന് ഡാര്‍ജിലിങ്ങിലെ വിനോദ സഞ്ചാരം നിശ്ചലമായി. ഇന്ത്യ -ഭൂട്ടാന്‍ അതിര്‍ത്തി അടയ്‌ക്കുകയും ചെയ്തു.
















