വഡോദര: ആരാധകന്‍ മരിച്ച സംഭവത്തില്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനെതിരെ കേസെടുത്തേക്കും. റായീസ് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഷാരൂഖ് നടത്തിയ ട്രെയിന്‍ യാത്രയ്‌ക്കിടെ താരത്തെ കാണാനുള്ള തിക്കിലും തിരക്കിലും ഒരു യുവാവ് മരിച്ചിരുന്നു. ഈ സംഭവത്തില്‍ താരത്തിനെതിരെ അശ്രദ്ധ മൂലമുള്ള മരണത്തിന് കേസെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംഭവത്തില്‍ ഷാരൂഖിന്റെ വീഴ്ച ചൂണ്ടിക്കാട്ടി പശ്ചിമ റെയില്‍വേ ഡെപ്യൂട്ടി സൂപ്രണ്ട് തരുണ്‍ ബാരോട്ട് റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഷാരൂഖിനെതിരെ കേസെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. റായീസിന്റെ പ്രമോഷന്റെ ഭാഗമായി മുംബൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് ഷാരൂഖ് നടത്തിയ ട്രെയിന്‍ യാത്രയ്്ക്കിടെഫരീദ് ഖാന്‍ പത്താന്‍ എന്ന യുവാവാണ് മരിച്ചത്.
താരത്തെ കാണാന്‍ പതിനയ്യായിരത്തോളം പേര്‍ ഒത്തുകൂടിയ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ശ്വാസം മുട്ടിയാണ് ഫരീദ് ഖാന്‍ മരിച്ചത്. സംഭവത്തില്‍ താരത്തിനെതിരെ ഫരീദ് ഖാന്റെ കുടുംബം പരാതി ഉന്നയിച്ചിരുന്നില്ല. എന്നാല്‍ ഷാരൂഖ് ഖാന്‍ തന്റെ ടീഷര്‍ട്ടും മറ്റും ആരാധകര്‍ക്ക് നേരെ എറിഞ്ഞ് അവരെ പ്രകോപിപ്പിച്ചില്ലായിരുന്നെങ്കില്‍ ഫരീദ് ഖാന്റെ മരണം സംഭവിക്കില്ലായിരുന്നു എന്നാണ് പോലീസ് റിപ്പോര്‍ട്ട്.
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഷാരൂഖിനെതിരെ കേസെടുക്കാന്‍ പോലീസ് തീരുമാനിച്ചിരിക്കുന്നത്. ഷാരൂഖ് ഖാന് പുറമെ എക്സല്‍ എന്റര്‍ടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ് ഉടമയ്‌ക്കെതിരെയും കേസെടുക്കും.
















