പത്തനംതിട്ട: തിരുവല്ല ശ്രീരാമകൃഷ്ണാശ്രമത്തില്‍ 21 മുതല്‍ 27 വരെ നടക്കുന്ന ശ്രീരാമകൃഷ്ണ വചനാമൃത സത്രം പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുമെന്ന് ആശ്രമഭാരവാഹികള്‍ അറിയിച്ചു.
21 ന് രാവിലെ 10ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്റെ അധ്യക്ഷതയില്‍ സ്വാമി അത്മഘനാനന്ദജി മഹരാജ് ദീപം തെളിക്കും. മന്ത്രി മാത്യു ടി. തോമസ്, സ്വാമി ഗോലോകാനന്ദ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ടി.എസ.് പട്ടാഭിരാമന്‍, അക്കീരമണ്‍ കാളീദാസന്‍ ഭട്ടതിരിപ്പാട് തുടങ്ങിയവര്‍ പങ്കെടുക്കും. ഇന്ത്യയില്‍ ആദ്യമായാണ് വചനാമൃത സത്രം നടക്കുന്നത്.
27 വരെ വചനാമൃതത്തെ കുറിച്ച് പണ്ഡിതര്‍ പ്രഭാഷണങ്ങള്‍ നടത്തും. ഒരുദിവസം നാല് എന്ന ക്രമത്തില്‍ 27 പ്രഭാഷണങ്ങള്‍ നടക്കും. കോട്ടയം എന്‍.സോമരാജനാണ് യജ്ഞാചാര്യന്‍. ബേലൂര്‍മഠത്തിലെ ബ്രഹ്മചാരിപരിശീലന വിഭാഗം ആചാര്യന്‍ സ്വാമി സ്വപ്രഭാനന്ദ, പ്രബുദ്ധകേരളം പത്രാധിപര്‍ സ്വാമി നന്ദാത്മജാനന്ദ എന്നിവര്‍ മുഖ്യ കാര്‍മികത്വം വഹിക്കും. 28ന് ശ്രീരാമകൃഷ്ണ ജയന്തി ആഘോഷിക്കും. അന്ന് സര്‍വ്വമത സമ്മേളനം നടക്കും. കേരളത്തിലെ എല്ലാ ശ്രീരാമകൃഷ്ണാശ്രമങ്ങളിലേയും അധ്യക്ഷന്‍മാര്‍ ചേര്‍ന്ന് സത്രത്തിന് മേല്‍നോട്ടം വഹിക്കും. ആയിരം പേര്‍ക്കിരിക്കാവുന്ന പന്തലാണ് സത്രത്തിന് ഒരുങ്ങുന്നത്.
പുറത്തുനിന്ന് എത്തുന്ന ഭക്തര്‍ക്ക് താമസസൗകര്യവും പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഭക്ഷണവും നല്‍കും. തിരുവല്ല ശ്രീരാമകൃഷ്ണാശ്രമം അധ്യക്ഷന്‍ സ്വാമി നിര്‍വിണ്ണാനന്ദ, സ്വാമി നന്ദാത്മജാനന്ദ, പി.ഹരികൃഷ്ണന്‍, ഹരിനമ്പൂതിരി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















