തൃശൂര്‍: പാമ്പാടി നെഹ്‌റുകോളേജില്‍ ജിഷ്ണു പ്രണോയ് മരിച്ച സംഭവത്തില്‍ സഹപാഠികളുടെ മൊഴി പോലീസ് അവഗണിച്ചതായി വ്യക്തമാകുന്നു. മരിച്ചുകിടന്ന ജിഷ്ണുവിന്റെ വായിലും കുളിമുറിയുടെ ചുമരിലും രക്തക്കറ കണ്ടുവെന്ന സഹപാഠികളുടെ മൊഴി പോലീസ് അവഗണിച്ചുവെന്നാണ് വ്യക്തമാകുന്നത്.
ഇത് കോളേജ് മാനേജ്‌മെന്റിനെ സംരക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നുവെന്നും പറയുന്നു. സഹപാഠി മൊഴിനല്‍കിയതിന്റെ ശബ്ദരേഖ ഇന്നലെ പുറത്തുവന്നു. പോലീസ് കേസിന്റെ തുടക്കംമുതല്‍തന്നെ കോളേജ് മാനേജ്‌മെന്റിനെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. അതിനിടെ കോളേജില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും തമ്മിലുള്ള ശീതസമരം തുടരുകയാണ്.
ഇന്നലെ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചതായി പരാതിപ്പെട്ട് അധ്യാപകര്‍ പണിമുടക്കി. പോലീസ് ഇന്നലെയും കോളേജിലെത്തി തെളിവ് ശേഖരിച്ചു. ഫോറന്‍സിക് വിദഗ്‌ദ്ധരും പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമം വിജയിച്ചിട്ടില്ല.
















