ന്യൂദല്‍ഹി: ദല്‍ഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനോട് മാര്‍ച്ച് 21ന് വിചാരണയ്‌ക്ക് ഹാജരാകാന്‍ ദല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. ഡിഡിസിഎയും മുന്‍ ക്രിക്കറ്റ് താരം ചേതന്‍ ചൗഹാനുമാണ് കേസ് നല്‍കിയിരിക്കുന്നത്.
കേജ്‌രിവാള്‍ ബംഗളൂരുവില്‍ ചികിത്സയിലാണെന്നും ഈ മാസം 22നാണ് മടങ്ങിവരുന്നതെന്നും അറിയിച്ചത് ഹൈക്കോടതി അംഗീകരിച്ചതിനെ തുടര്‍ന്നാണ് അടുത്തമാസം 21ന് വിചാരണയ്‌ക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഡിഡിസിഎയുടെ കണക്കുകളില്‍ ക്രമക്കേടുകള്‍ക്കൊപ്പം സെക്‌സ് റാക്കറ്റ് ഉള്‍പ്പടെ നിരവധി തെറ്റായ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ടെന്ന് കേജ്‌രിവാള്‍ ന്യൂസ്ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതാണ് കേസിനാസ്പദം. ഡിഡിസിഎയ്‌ക്ക് കളങ്കം വരുത്തുന്ന പ്രസ്താവനയാണ് കേജ്‌രിവാള്‍ നടത്തിയതെന്ന് പ്രഥമദൃഷ്ട്യാ തെളിഞ്ഞിട്ടുള്ളതായി കോടതി അറിയിച്ചു.
കേജ്‌രിവാളിന്റെ പ്രസ്താവന നിരവധി ചാനലുകളിലും ദിനപത്രങ്ങളിലും ഇന്റര്‍നെറ്റിലും പ്രചരിച്ചതായും കണ്ടെത്തിയിട്ടുണ്ട്. 2007ലും കേജ്‌രിവാള്‍ ഇത്തരത്തില്‍ വിവാദ പ്രസ്താവന നടത്തിയിട്ടുണ്ട്.
















