തിരുവനന്തപുരം: പാറ്റൂരില്‍ ഫ്‌ളാറ്റ് ലോബി ഭൂമി കയ്യേറിയ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിജിലന്‍സ് നാലാം പ്രതിയാക്കി കേസെടുത്തു. മുന്‍ ചീഫ്‌സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണടക്കം അഞ്ചുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. എഫ്‌ഐആര്‍ തിരുവനന്തപുരത്തെ പ്രത്യേക വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.
ജലവിഭവ വകുപ്പിന്റെ 12 സെന്റ് സ്ഥലം ഫ്‌ളാറ്റ് നിര്‍മിക്കാന്‍ സ്വകാര്യകമ്പനി കയ്യേറിയെന്നാണ് കേസ്. യുഡിഎഫ് സര്‍ക്കാര്‍ ചട്ടവിരുദ്ധമായി കമ്പനിക്ക് സര്‍ക്കാര്‍ ഭൂമിയില്‍ നിര്‍മാണത്തിന് അനുമതി നല്‍കിയെന്നാണ് പരാതി. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദനാണ് പരാതിയുമായി വിജിലന്‍സിനെ സമീപിച്ചത്. കേസെടുക്കാഞ്ഞതിനാല്‍ വിഎസ് പരാതിയുമായി വിജിലന്‍സ് കോടതിയിലെത്തുകയായിരുന്നു. ജലവിഭവവകുപ്പ് ഉദ്യോഗസ്ഥനായിരുന്ന സോമശേഖരനാണ് ഒന്നാം പ്രതി. വകുപ്പിലെ തന്നെ ഉദ്യോഗസ്ഥനായിരുന്ന മധു, മുന്‍ ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണ്‍ എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്. ഫ്‌ളാറ്റ് കമ്പനി ഉടമയാണ് അഞ്ചാംപ്രതി. ലോകായുക്തയില്‍ സമാനമായ കേസ് നടക്കുന്നത് ചൂണ്ടിക്കാട്ടി കേസെടുക്കാനാകില്ലെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്റെ നിലപാട്.
ഈ നിലപാട് തള്ളി കേസെടുക്കുന്നതിന് തടസ്സമല്ലെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കേസെടുക്കാന്‍ തയ്യാറായിരിക്കുന്നത്. പ്രാഥമികാന്വേഷണം ആരംഭിച്ചതായും വിജിലന്‍സ് കോടതിയെ അറിയിച്ചു. പ്രതികളെ വരുംദിവസങ്ങളില്‍ ചോദ്യം ചെയ്‌തേക്കും.
ഈ കേസില്‍ മൂന്നു തവണയാണ് വിജിലന്‍സിന് നിയമോപദേശം ലഭിച്ചത്. പരാതിയില്‍ കേസെടുക്കാമെന്നാണ് വിജിലന്‍സ് ആസ്ഥാനത്തെ അഭിഭാഷകര്‍ നല്‍കിയ ആദ്യനിയമോപദേശം. തുടര്‍ന്ന് അഡ്വക്കേറ്റ് ജനറലും ഇതേ ഉപദേശം നല്‍കി. പിന്നീട് അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ഇതിനെതിരായ നിലപാടാണ് സ്വീകരിച്ചിരുന്നത്. കേസ് പരിഗണിച്ച ഘട്ടത്തിലെല്ലാം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കാത്തതില്‍ വിജിലന്‍സിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
















