കോട്ടയം/തിരുവനന്തപുരം: കേരളത്തില്‍ ജനാധിപത്യമല്ല ഗുണ്ടാരാജാണ് നടമാടുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കൊല്ലം കടയ്‌ക്കലിലെ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകവും പ്രമുഖ നടിയെ തട്ടികൊണ്ടുപോയ സംഭവവും ഇതിന്റെ ഒടുവിലത്തെ തെളിവുകളാണ്. കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തിലും തിരുവനന്തപുരത്ത് പ്രസ്താവനയിലും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തിനു ശേഷവും ആയുധം താഴെവെക്കാന്‍ തയ്യാറാകാത്ത സിപിഎം സമൂഹത്തെ അരാജകത്വത്തിലേക്ക് വലിച്ചിഴക്കുകയാണ്. സമാധാന ശ്രമങ്ങളെ തുരങ്കം വെക്കാന്‍ ഒരു വിഭാഗം ശ്രമിക്കുന്നു എന്നാണ് മനസ്സിലാകുന്നത്. ഇവരെ ഒറ്റപ്പെടുത്തണം. കടയ്‌ക്കലില്‍ നിരപരാധിയായ രവീന്ദ്രനാഥിനെ പോലീസിന്റെ മുന്നിലിട്ടാണ് മര്‍ദ്ദിച്ചത്. പോലീസ് ഇടപെട്ടിരുന്നുവെങ്കില്‍ മുന്‍ സബ്ഇന്‍സ്‌പെക്ടര്‍ കൂടിയായ അദ്ദേഹത്തെ രക്ഷിക്കാമായിരുന്നു.
വിവിധ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏഴു മാസത്തിനിടെ 600 എഫ്‌ഐആറുകളാണ് പോലീസ് രജിസ്റ്റര്‍ ചെയത്ത്. എന്നാല്‍ ഭൂരിഭാഗം കേസുകളിലും പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
പാലക്കാടും തൃശൂരും നടന്ന കൊലപാതകങ്ങളില്‍ പോലും പ്രതികളെ കണ്ടെത്താന്‍ പോലീസിനായില്ല. സംസ്ഥാനം ക്രമസമാധാന തകര്‍ച്ച നേരിടുമ്പോള്‍ ആഭ്യന്തര മന്ത്രി മൗനം പാലിക്കുകയാണ്. ഇത് നിഷേധാത്മകമാണ്. മൗനിയായ പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും കുമ്മനം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
















