തിരുവനന്തപുരം: കേരളത്തിലേക്കുള്ള ട്രെയിന്‍ യാത്രയ്‌ക്കിടെ മലയാളി യുവാക്കള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് മേഘാലയ സ്വദേശിനി യുവതിയുടെ പരാതി. തിരുവനന്തപുരത്തെ ഒരു കോേളജ് പ്രൊഫസറുടെ വീട്ടില്‍ ജോലിക്കു നില്‍ക്കുന്ന യുവതിയാണ് പരാതിയുമായി തമ്പാനൂര്‍ പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയത്.
ഫെബ്രുവരി 17ന് ഗുവാഹത്തി എക്‌സപ്രസില്‍ ഗുവാഹത്തിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം.
സെക്കന്‍ഡ് എസി കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യുകയായിരുന്ന ഇവരെ ഉറങ്ങുന്നതിനിടെ പുതച്ചിരുന്ന പുതപ്പ് മാറ്റി മൂന്നു യുവാക്കള്‍ കയറിപ്പിടിക്കാന്‍ ശ്രമിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. എതിര്‍ത്തതിനെ തുടര്‍ന്ന് കുറച്ചുനേരം മിണ്ടാതിരുന്ന യുവാക്കള്‍ തുടര്‍ന്നും ഉപദ്രവിക്കാന്‍ ശ്രമിച്ചു. സഹായത്തിന് അഭ്യര്‍ഥിച്ചിട്ടും സഹയാത്രികരാരും തിരിഞ്ഞുനോക്കിയില്ലെന്നും പരാതിയിലുണ്ട്.
എറണാകുളത്തെത്തിയപ്പോള്‍ യുവാക്കള്‍ മൂവരും ഇറങ്ങി. ജോലി ചെയ്യുന്ന വീട്ടിലെത്തിയ യുവതി വീട്ടുകാരോട് കാര്യം ധരിപ്പിച്ചശേഷം പരാതി നല്‍കി. യുവാക്കളുടെ ബെര്‍ത്ത് നമ്പര്‍ സഹിതമാണ് യുവതി പരാതി നല്‍കിയത്.
















