കോഴിക്കോട്: മതവിദ്വേഷം പ്രചരിപ്പിക്കുന്ന രീതിയില്‍ പ്രസംഗിച്ചെന്ന കേസ്സില്‍ മുസ്ലിം മതപ്രഭാഷകന്‍ ശംസുദ്ദീന്‍ പാലത്ത് അറസ്റ്റില്‍. സൗദി എയര്‍ലൈന്‍സില്‍ ജിദ്ദയിലേക്ക് പോവാനെത്തിയ ഇയാളെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ചാണ് കസ്റ്റഡിയിലെടുത്തത്. എമിഗ്രേഷനില്‍ ലുക്ക്ഔട്ടില്‍ ചേര്‍ക്കപ്പെട്ട ശംസുദ്ദീനെ അവിടെ തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു. നടക്കാവ് സി.ഐ അഷ്‌റഫ് നെടുമ്പാശ്ശേരിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയാണ് കോഴിക്കോട്ടെത്തിച്ചത്.
ജില്ലാ ഗവണ്‍മെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ.സി ഷുക്കൂര്‍ കാസര്‍കോട് ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസിനു നല്‍കിയ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസാണ് കേസെടുത്തത്. തുടര്‍ന്ന് കേസ്സ് കോഴിക്കോട് നടക്കാവിലേക്ക് മാറ്റി. 2016 സെപ്തംബര്‍ ഏഴിനാണ് ശംസുദ്ദീനെതിരെ മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചതിന് ഐ.പി.സി 153 വകുപ്പ് ചുമത്തി നടക്കാവ് പോലീസ് കേസ്സെടുത്തത്.
മറ്റു മതക്കാരോട് ഇസ്‌ലാം മത വിശ്വാസികള്‍ക്കുള്ള സ്‌നേഹവും ബഹുമാനവും ഒഴിവാക്കണമെന്നും സ്വന്തം സ്ഥാപനങ്ങളില്‍ അന്യമതസ്ഥരെ ജോലിക്ക് നിര്‍ത്താന്‍ പോലും പാടില്ലെന്നും തുടങ്ങിയ പരാമര്‍ശങ്ങളായിരുന്നു ഇയാള്‍ സപ്തംബര്‍ രണ്ടിന് നടത്തിയതായി പറയുന്ന പ്രസംഗത്തില്‍ ഉണ്ടായിരുന്നത്.
ശംസുദ്ദീനെതിരെ ചുമത്തിയ യുഎപിഎ വകുപ്പ് പിന്നീട് പോലിസ് പിന്‍വലിച്ചിരുന്നു. ബോധപൂര്‍വം വര്‍ഗീയ കലാപത്തിന് ഇടവരുത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനെതിരെയുള്ള (ഐ.പി.സി 153 എ) ആണ് ചുമത്തിയിട്ടുള്ളത്. ഇയാളെ കോഴിക്കോട് സി.ജി.എം കോടതി (നാല്) രണ്ടാഴ്ചക്ക് റിമാന്റുചെയ്തു.
















