കൊല്ലം: കടയ്‌ക്കലിലെ കൊലപാതകത്തെത്തുടര്‍ന്ന് കളക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ പോലീസും സിപിഎമ്മും നിരത്തിയത് കള്ളക്കഥകള്‍. ബിജെപി പ്രതിനിധികള്‍ വിട്ടുനിന്ന യോഗത്തില്‍ സിപിഎം ജില്ലാ നേതൃത്വത്തിന്റെ പത്രപ്രസ്താവന ആവര്‍ത്തിക്കുകയായിരുന്നു കൊല്ലം റൂറല്‍ എസ്പി.കെ. സുരേന്ദ്രന്‍.
ആസൂത്രിത കൊലപാതകത്തെ ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷമെന്ന് ലഘൂകരിച്ചു എസ്പി. ഉത്സവം നടന്ന ക്ഷേത്രത്തിനും ഒരു കിലോമീറ്റര്‍ അകലെയാണ് എ. രവീന്ദ്രനാഥ് കൊല്ലപ്പെട്ടത്. രവീന്ദ്രനാഥിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നത് തടയാന്‍ ശ്രമമുണ്ടായി. രവീന്ദ്രനാഥിനൊപ്പം പരിക്കേറ്റ കലേഷില്‍ നിന്ന് അക്രമിസംഘത്തിന് നേതൃത്വം കൊടുത്ത പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിയുമായെത്തിയാണ് എഎസ്‌ഐ മൊഴിയെടുത്തത്. പോലീസ് സ്റ്റേഷനിലും ആശുപത്രിയിലും സിപിഎം നടത്തിയ അക്രമങ്ങള്‍ എസ്പി യോഗത്തില്‍ മറച്ചുപിടിക്കുകയായിരുന്നു.
ഇരയോട് അനുകമ്പ കാട്ടാതെ അക്രമികള്‍ക്ക് ഒത്താശ ചെയ്യുന്നതായി സര്‍വക്ഷിയോഗം. രവീന്ദ്രനാഥിന്റെ മരണം എങ്ങനെ സംഭവിച്ചു, കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ തുടങ്ങിയവയൊന്നും ചര്‍ച്ചയാകാത്ത യോഗം സ്വയം സമാധാനത്തിന് ആഹ്വാനം ചെയ്തുവെന്ന് മാത്രം. കളക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം ബിജെപിക്കെതിരെയുള്ള കൂട്ടുമുന്നണി യോഗമായി മാറുകയായിരുന്നു.
അതേസമയം കൊല്ലപ്പെട്ട മുന്‍ എസ്‌ഐ കൂടിയായ രവീന്ദ്രനാഥിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയ സ്ഥലം എംപി എന്‍.കെ. പ്രേമചന്ദ്രനെ കടുത്ത ഭാഷയിലാണ് മുന്‍ രാജ്യസഭാ അംഗം കൂടിയായ സിപിഎം ജില്ലാ സെക്രട്ടറി കെ.എന്‍. ബാലഗോപാല്‍ വിമര്‍ശിച്ചത്. എംപി മരണവീട് സന്ദര്‍ശിച്ചതും സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടതും സംഘപരിവാറിനെ പ്രോത്സാഹിപ്പിക്കാനാണെന്ന മട്ടിലാണ് ബാലഗോപാലിന്റെ പ്രസ്താവന. മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് മാധ്യമങ്ങളോട് സംസാരിച്ച എംപി മാപ്പ് പറയണമെന്നാണ് ബാലഗോപാലിന്റെ ആവശ്യം.
















