കുറവിലങ്ങാട്: യാത്രക്കാരെ കയറ്റാന്‍ നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ ലോറി ഇടിച്ച് ലോറി ഡ്രൈവറും ക്ലീനറും മരിച്ചു. ബുധനാഴ്ച രാവിലെ ആറുമണിയോടെ എംസിറോഡില്‍ കുറവിലങ്ങാട് പ്രൈവറ്റ് ബസ്സ്റ്റാന്റിന് മുന്‍വശമായിരുന്നു അപകടം.
ലോറി ഡ്രൈവര്‍ വയനാട് ഗൂഡല്ലൂര്‍ മച്ചികോലി, പനയോലി വീട്ടില്‍ പി.ജി. ആന്റണി (36), ക്ലീനര്‍ തൃശ്ശൂര്‍ മണത്തറ ജയന്തി നിലയത്തില്‍ സൂര്യ സുദര്‍ശനന്‍ (19) എന്നിവരാണ് മരിച്ചത്. മൂവാറ്റുപുഴയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസ്സും കോയമ്പത്തൂരില്‍ നിന്ന് പിവിസി പൈപ്പുമായി കോട്ടയം കഞ്ഞിക്കുഴിയിലേക്ക് പോകുകയായിരുന്ന മസ്താ ലോറിയുമാണ് അപകടത്തില്‍ പെട്ടത്. ലോറി ബസിന് പിന്നില്‍ ഇടിച്ച് ബസിന്റെ പിന്‍ഭാഗമടക്കം സീറ്റുകള്‍വരെ ഇളകി.
ബസിന്റെ പിന്‍സീറ്റില്‍ യാത്രക്കാരില്ലാതിരുന്നത് വന്‍ അപകടം ഒഴിവായി.
ബസ്സിനുള്ളിലേക്ക് ഇടിച്ചുകയറിയ ലോറി പിന്നോട്ടെടുത്തത് മറ്റൊരു ലോറിയില്‍ കയര്‍കെട്ടി വലിച്ചാണ്. പരിക്കേറ്റ് മുന്‍ഭാഗത്ത് കുടുങ്ങിക്കിടന്ന ഡ്രൈവറേയും ക്ലീനറേയും ഇതിനുശേഷമാണ് പുറത്തെടുത്തത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരും മരിച്ചു.
















