കണ്ണൂര്‍: കണ്ണൂര്‍ പ്രസ് ക്ലബിന്റെ 2016 ലെ രാജീവന്‍ കാവുമ്പായി സ്മാരക മാധ്യമ അവാര്‍ഡിന് ദീപിക ദിനപത്രം കോട്ടയം യൂണിറ്റിലെ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ റെജി ജോസഫ് അര്‍ഹനായി. ദീപികയില്‍ 2016 ജൂലൈ 20 മുതല്‍ 25 വരെ പ്രസിദ്ധീകരിച്ച ‘അവര്‍ കാത്തിരിക്കുന്നു കൈത്താങ്ങിനായി’ എന്ന പരമ്പരയ്‌ക്കാണ് അവാര്‍ഡ്.
അകാലത്തില്‍ പൊലിഞ്ഞു പോയ ദേശാഭിമാനി സബ്ബ്എഡിററര്‍ രാജീവന്‍ കാവുമ്പായിയുടെ സ്മരണക്കായി ദേശാഭിമാനി എംപ്ലോയീസ് വെല്‍ഫെയര്‍ അസോസിയേഷനും പ്രസ്‌ക്ലബും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം 25 ന് കണ്ണൂര്‍ പ്രസ്‌ക്ലബില്‍ നടക്കുന്ന ചടങ്ങില്‍ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ സമ്മാനിക്കും.പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.നാരായണന്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ കെ.വി.കുഞ്ഞിരാമന്‍, കെ.എ.ആന്റണി എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞടുത്തത്.
അവാര്‍ഡ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സി.നാരായണന്‍, കെ.ടി.ശശി, എന്‍സിപി രജ്ഞിത്ത്, പി.പി.കരുണാകരന്‍, പി.അജീന്ദ്രന്‍, കെ.എ.ആന്റണി എന്നിവര്‍ പങ്കെടുത്തു.
















