തിരുവനന്തപുരം: പോലീസിന് ജനമൈത്രി സുരക്ഷാ പദ്ധതി പുതിയ സംസ്‌കാരം പ്രദാനം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനമൈത്രി സുരക്ഷാ പദ്ധതി മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലും നടപ്പിലാക്കുന്നതിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമപ്രകാരമുള്ള കാര്യങ്ങള്‍ ചെയ്യേണ്ടവരാണ് പോലീസ്. എന്നാല്‍ ദു:സ്വാധീനങ്ങള്‍ പോലീസ് സേനയിലെ പലരേയും ദുഷിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള സ്വാധീന വലയത്തില്‍ നിന്ന് സേനാംഗങ്ങള്‍ മുക്തരാവണം. എന്നാലെ ഈ പദ്ധതി ലക്ഷ്യ പ്രാപ്തിയിലെത്തുകയുള്ളുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ റിപ്പോര്‍ട്ടും ജനമൈത്രി ബോധവത്കരണ ഹ്രസ്വചിത്രത്തിന്റെ പ്രകാശനം മേയര്‍ അഡ്വ. വി.കെ. പ്രശാന്തും നിര്‍വ്വഹിച്ചു. തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി ഡോ. കെ.ടി. ജലീല്‍, ചലച്ചിത്ര താരം സുരാജ് വെഞ്ഞാറമുട്, മുന്‍ ഡിജിപിമാരായ രമണ്‍ ശ്രീവാസ്തവ, ജേക്കബ് പുന്നൂസ്, സൗത്ത് സോണ്‍ എഡിജിപി ഡോ. ബി. സന്ധ്യ, തിരുവനന്തപുരം റേഞ്ച് ഐ.ജി. മനോജ് എബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു.
പരിപാടിയോടനുബന്ധിച്ച് സ്വസ്ഥി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ക്യാമ്പും ലഹരിപദാര്‍ത്ഥങ്ങളുടെ ദുരുപയോഗം-പ്രശ്‌നവും പ്രതിവിധിയും, പുകയില ഉത്പന്നങ്ങളുടെ ദുരുപയോഗം, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് പദ്ധതി, കുട്ടികളോടുള്ള ഉത്തരവാദിത്വം, സ്ത്രീകളുടെയും കുട്ടികളുടെയും പരിരക്ഷ, ട്രൈബല്‍ ജനമൈത്രി പദ്ധതി, തീര സുരക്ഷ, മുതിര്‍ന്ന പൗരന്‍മാരുടെയും അന്യസംസ്ഥാന തൊഴിലാളികളുടെയും ക്ഷേമപദ്ധതികള്‍, സോഫ്റ്റ്, ബേസിക് പോലീസിങ് തുടങ്ങിയ വിഷയങ്ങളില്‍ പ്രദര്‍ശനവും സംഘടിപ്പിച്ചു.
















