ഐസക് തോമസ്
അടൂര്‍: മകന്റെ കുത്തേറ്റ് പിതാവ് മരിച്ചു. മാതാവിനെ ഗുരുതര പരിക്കുകളോടെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എഞ്ചിനീയറായ മകന്‍ പോലീസ് കസ്റ്റഡിയില്‍ . അടൂര്‍ ആനന്ദപ്പള്ളി കോട്ടവിളയില്‍ വീട്ടില്‍ പി.തോമസ് (64) ആണ് കൊല്ലപ്പെട്ടത്. മകന്‍ ഐസക് തോമസി(23)നെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രി 11.30നാണ് സംഭവം. തോമസിന് കുത്തേറ്റപ്പോള്‍ തടസം പിടിക്കുന്നതിനിടെയാണ് മാതാവ് മറിയാമ്മക്ക് വെട്ടേറ്റത്. പരിക്കുകളോടെ മറിയാമ്മ സമീപത്തെ ബന്ധുവിന്റെ വീട്ടിലേക്ക് ഓടിപ്പോയി. കറിക്കത്തി ഉപയോഗിച്ചാണ് ഐസക് പിതാവിനെയും മാതാവിനെയും ആക്രമിച്ചത്. തോമസിന്റെ വയറില്‍ മൂന്നു കുത്തുകളാണേറ്റത്. ഇതില്‍ ഒന്ന് ആഴമേറിയതായിരുന്നു. ഇതിലൂടെ കുടല്‍മാല പുറത്തു ചാടി.മറിയാമ്മയുടെ കഴുത്തിനാണ് വെട്ടേറ്റത്.
അക്രമത്തിനുശേഷം ഐസക് തോമസ് സമീപത്തു താമസിക്കുന്ന പിതൃസഹോദരന്‍ ജോയിയുടെ വീട്ടിലേക്ക് ഓടിക്കയറി. തുടര്‍ന്ന് ഇയാള്‍ ടെലിവിഷന്‍, കമ്പ്യൂട്ടര്‍ എന്നിവ വലിച്ചു താഴെയിട്ടശേഷം കെട്ടിടത്തിലെ രണ്ടാം നിലയില്‍ കയറി താഴേക്കു ചാടി. ഈ സമയം അവിടെയെത്തിയ പോലീസും നാട്ടുകാരും ചേര്‍ന്ന് ഇയാളെ പിടികൂടി അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക പരിശോധനക്കു ശേഷം പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി.
വര്‍ഷങ്ങളായി തോമസും മറിയാമ്മയും ദുബായിലെ റാസല്‍ഖൈമയിലായിരുന്നു. തോമസ് ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തില്‍ സിവില്‍ സൂപ്പര്‍വൈസറും മറിയാമ്മ ആശുപത്രി ജീവനക്കാരിയുമായിരുന്നു. ജോലിക്കിടെ വാഹനം മറിഞ്ഞ് നട്ടെല്ലിനു ഗുരുതരമായി പരിക്കേറ്റതിനെതുടര്‍ന്ന് എഴുന്നേറ്റ് നടക്കാന്‍ കഴിയാതെ വീല്‍ചെയറിലായിരുന്നു തോമസിന്റെ ജീവിതം. ജോലിയില്‍ നിന്നു വിരമിച്ചശേഷം കഴിഞ്ഞ ഫെബ്രുവരി 14നാണ് നാട്ടിലെത്തിയത്.
ഐസക് തോമസ് മാര്‍ത്താണ്ഡം മാര്‍ അപ്രേം എഞ്ചിനീയറിങ് കോളജില്‍ പഠിച്ച ശേഷം തിരുവനന്തപുരത്ത് കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം ചെയ്യുകയായിരുന്നു. മാതാപിതാക്കള്‍ നാട്ടില്‍ എത്തിയതോടെയാണ് ഐസക് തോമസ് സ്ഥിരമായി വീട്ടില്‍ താമസമാരംഭിച്ചത്. പഠിക്കുന്നിതിനിടെ പിതൃസഹോദരന്‍ ജോയിയുടെ വീട്ടില്‍ ഇടക്കിടെ എത്തുമായിരുന്നു. പ്ലസ്ടു വരെ ഐസക് മാതാപിതാക്കളോടൊപ്പം വിദേശത്തായിരുന്നു. തോമസിന് മകന്‍ കൂടാതെ നാലു പെണ്‍മക്കളുമുണ്ട്.
തോമസിന്റെ വീടിന്റെ ഹാളിനു സമീപത്തെ ഇടനാഴിയില്‍നിന്ന് ഐസക് കുത്താന്‍ ഉപയോഗിച്ചതായി കരുതുന്ന കത്തി പോലീസ് കണ്ടെടുത്തു. സമീപത്തെ മുറിയിലും കിടക്കയിലും തറയിലും രക്തതുള്ളികള്‍ ഉണ്ടായിരുന്നു. ഇടനാഴിയോടു ചേര്‍ന്നുള്ള മുറിയില്‍ സാധനങ്ങള്‍ വാരിവലിച്ചിട്ടിരിക്കുകയായിരുന്നു.
തോമസിനെ അടൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. ഐസക് തോമസിന്റെ സ്വഭാവത്തില്‍ മൂന്നു ദിവസമായി ചെറിയ മാറ്റം കണ്ടിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
ബുധനാഴ്ച രാത്രിയില്‍ കസ്റ്റഡിയിലെടുത്ത ഐസക് തോമസിന്റെ അറസ്റ്റ് വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് അടൂര്‍ സി.ഐയുടെ ചുമതല കൂടി വഹിക്കുന്ന പന്തളം സി.ഐ രേഖപ്പെടുത്തി. ജില്ലാ പോലീസ് മേധാവി അശോക് കുമാര്‍, അടൂര്‍ ഡിവൈഎസ്പി എസ്. റഫീഖ് എന്നിവരും ശാസ്ത്രീയ കുറ്റാന്വേഷണ സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
















