പാലക്കാട്: അഗളിയില്‍ സദാചാര പോലീസിന്റെ ആക്രമണത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത അനീഷിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. മരണത്തിന് കാരണം ധനേഷ്, രമേശ് എന്നിവരാണെന്ന് ആത്മഹത്യാകുറിപ്പില്‍ പറയുന്നുണ്ട്.
സദാചാര പോലീസിന്റെ പീഡനത്തിനിരയായ അഗളി കാരറ പള്ളത്ത് അനീഷിനെ ഇന്നലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അനീഷിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. ഇന്‍ക്വസ്റ്റ് നടപടികള്‍ രാവിലെ തുടങ്ങി. ഇക്കഴിഞ്ഞ പതിനാലിന് അഴീക്കല്‍ ബീച്ചില്‍ ഒരു യുവതിയോടൊപ്പം പോയ അനീഷിനെ ഒരു സംഘം യുവാക്കള്‍ ചേര്‍ന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യവര്‍ഷം നടത്തുകയും ആക്രമിക്കുകയും ചെയ്തിരുന്നു.
ഇവരുടെ ചിത്രങ്ങള്‍ പകര്‍ത്തുകയും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഇരുവരും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിനുശേഷം മാനസികമായി തളര്‍ന്ന നിലയിലായിരുന്നു അനീഷ്.
















