പുനെ: ഇടംകൈയന്‍ സ്പിന്നര്‍ സ്റ്റീവ് ഒകീഫിന്റെ മാസ്മരിക പ്രകടനത്തിന് മുന്നില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 105 റണ്‍സിന് ഓള്‍ഔട്ടായി. ഇതോടെ 155 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്‌സ് ഓസ്‌ട്രേലിയയ്‌ക്ക് ലഭിച്ചു.
ഉച്ചഭക്ഷണത്തിന് ശേഷം ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ പവലിയനിലേക്കുള്ള ഘോഷയാത്രയായിരുന്നു പൂനെയില്‍ ദൃശ്യമായത്. 94/3 എന്ന നിലയില്‍ നിന്നാണ് ഇന്ത്യ 105 റണ്‍സിന് പുറത്തായത്. 11 റണ്‍സ് എടുക്കുന്നതിനിടെ നഷ്ടമായത് ഏഴ് വിക്കറ്റുകള്‍. 35 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്‌ത്തിയ ഒകീഫ് ഇന്ത്യന്‍ മണ്ണിലെ തുടക്കം അവിസ്മരണീയമാക്കുകയും ചെയ്തു. വിരാട് കോഹ്‌ലി, ചേതേശ്വര്‍ പൂജാര എന്നിവരെ മടക്കി മിച്ചല്‍ സ്റ്റാര്‍ക്ക് മികച്ച പിന്തുണയും ഒകീഫിന് നല്‍കി.
64 റണ്‍സ് നേടിയ ഓപ്പണര്‍ കെ.എല്‍.രാഹുലാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. പിന്നെ രണ്ടക്കം കടന്നത് അജിങ്ക്യ രാഹാനെ (13), മുരളി വിജയ് (10) എന്നിവര്‍ മാത്രം. വൃദ്ധിമാന്‍ സാഹയ്‌ക്കും ക്യാപ്റ്റന്‍ കോഹ്ലിക്കും അക്കൗണ്ട് തുറക്കാന്‍ പോലും കഴിഞ്ഞില്ല. പൂജാര ആറ് റണ്‍സിലും അശ്വിന്‍ ഒരു റണ്ണിലും ജഡേജ രണ്ടു റണ്‍സിലും പവലിയനില്‍ തിരിച്ചെത്തി.
നേരത്തെ 256/9 എന്ന നിലയില്‍ രണ്ടാം ദിനം തുടങ്ങിയ ഓസീസിന്റെ ഒന്നാം ഇന്നിംഗ്‌സ് 260 റണ്‍സില്‍ അവസാനിച്ചു. 61 റണ്‍സെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കിനെ അശ്വിന്‍ വീഴ്‌ത്തിയതോടെയാണ് ഓസീസ് ഇന്നിംഗ്‌സിന് അവസാനമായത്. ഒരു റണ്‍സോടെ ജോഷ് ഹേസില്‍വുഡ് പുറത്താകാതെ നിന്നു. ഉമേഷ് യാദവിന് നാലും അശ്വിന് മൂന്നും വിക്കറ്റുകള്‍ ലഭിച്ചു.
















