തിരുവനന്തപുരം : ഹാരിസണ്‍സ് പ്ലാന്റേഷന്റെ അനധികൃത കൈയേറ്റം സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. ഹാരിസണ്‍സ് കൈയടക്കിയ എഴുപത്തിഅയ്യായിരത്തോളം ഏക്കര്‍ ഭൂമി സംബന്ധിച്ച് സ്‌പെഷ്യല്‍ ഓഫീസര്‍ എം.ജി. രാജമാണിക്യത്തിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം തേടണം. സുധീരന്‍ മുഖ്യമന്ത്രിക്കയച്ച കത്തില്‍ വ്യക്തമാക്കി.
സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം ആവശ്യപ്പെട്ട് സ്‌പെഷ്യല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ തീരൂമാനമെടുത്തില്ലെന്ന് കത്തില്‍ പറയുന്നു.
ഹാരിസണിന്റെ കൈയിലുള്ള ഭൂമി ബ്രിട്ടീഷ് കമ്പനികളുടെ പേരിലാണ്.യഥാര്‍ത്ഥ ഉടമകളായ വിദേശ കമ്പനികള്‍ പിരിച്ചുവിട്ടതായി മനസിലാക്കുന്നു. വിദേശ കമ്പനികള്‍ സര്‍ക്കാര്‍ വക സ്ഥലം കൈയടക്കി വച്ചിരിക്കുന്നത് റിസര്‍വ് ബാങ്ക്, ഫെറ നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. സിബിഐ അന്വേഷണം മുന്നില്‍ കണ്ട് തെളിവ് നശിപ്പിക്കാനാണ് ഹാരിസണുമായി ബന്ധപ്പെട്ട വിദേശ കമ്പനികള്‍ പിരിച്ചുവിട്ടത്. മലയാളം പ്ലാന്റേഷന്‍ ഹോള്‍ഡിങ് കമ്പനിയും ആമ്പിള്‍ ഡൗണ്‍ കമ്പനിയുമാണ് പിരിച്ചുവിട്ടതായി അറിയുന്നത്.
സിബിഐ അന്വേഷണത്തിന് കാലതാമസം വരുത്തിയത് ഹാരിസണ്‍ കമ്പനിയെ സഹായിക്കാനാണെന്ന് വ്യക്തമാണ്. മുഖ്യമന്ത്രി തന്നെ ഹാരിസണുമായി രഹസ്യചര്‍ച്ച നടത്തിയതായ മാധ്യമവാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നു. സുധീരന്‍ തുടര്‍ന്നു.
ഹാരിസണ്‍ കമ്പനിയുടെ ഉടമസ്ഥാവകാശമുള്ള വിദേശ കമ്പനിയും പാരന്റ് കമ്പനിയും പിരിച്ചുവിട്ടതും മുഖ്യമന്ത്രി ഹാരിസണുമായി രഹസ്യചര്‍ച്ച നടത്തിയതും തൊഴില്‍മന്ത്രി ഹാരിസണുവേണ്ടി കത്തെഴുതിയതും ജന്മഭൂമി റിപ്പോര്‍ട്ടു ചെയ്തിരുന്നു.
















