തിരുവനന്തപുരം: മുന്‍ ഡിജിപിമാര്‍ അനുമതി നിഷേധിച്ച ബഹുനില കെട്ടിടങ്ങള്‍ക്ക് ഫയര്‍ഫോഴ്‌സ് അനുമതി നല്‍കി. ഇടതു സര്‍ക്കാര്‍ അധികാരമേറ്റ് 2016 മെയിലാണ് സംഭവം. മിഠായിത്തെരുവിലേതു പോലെ തീപിടിത്തം ഉണ്ടായാല്‍ ഇവിടങ്ങളില്‍ എന്തു സുരക്ഷയാണ് ഉള്ളതെന്നുപോലും വ്യക്തമല്ല.
ഫയര്‍ഫോഴ്‌സ് മുന്‍ ഡയറക്ടര്‍മാരായിരുന്ന ജേക്കബ് തോമസ്, അനില്‍കാന്ത്, ലോക്‌നാഥ് ബെഹ്‌റ എന്നിവര്‍ ദേശീയ കെട്ടിട നിര്‍മാണച്ചട്ടം, കേരള മുന്‍സിപ്പാലിറ്റി കെട്ടിട നിര്‍മാണച്ചട്ടങ്ങള്‍, കേരള പഞ്ചായത്ത് കെട്ടിട നിര്‍മാണച്ചട്ടങ്ങള്‍ എന്നിവ അനുസരിച്ചാണ് അനുമതി നിഷേധിച്ചത്. പിണറായി അധികാരമേറ്റപ്പോള്‍ ഫയര്‍ഫോഴ്‌സ് ഡയറക്ടറെ മാറ്റി. 77 ദിവസം കഴിഞ്ഞാണ് പുതിയ ഡയറക്ടറായി എഡിജിപി ഹേമചന്ദ്രനെ നിയമിച്ചത്. അനുമതി നിഷേധിച്ചിരുന്ന കെട്ടിടങ്ങള്‍ക്ക് ഈ അവസരം മുതലെടുത്ത് ഫയര്‍ഫോഴ്‌സിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്‍ നേതാക്കളുമായി ചേര്‍ന്ന് എന്‍ഒസി നല്‍കി.
കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് ഇതിലൂടെ നടന്നത്. താമസത്തിനുള്ള 87 കെട്ടിടങ്ങള്‍, ഏഴ് താമസ, വ്യാപാര കെട്ടിടങ്ങള്‍, മൂന്ന് ബിസിനസ് കെട്ടിടങ്ങള്‍, ഒരു ആശുപത്രി, എന്നിവയ്‌ക്കാണ് എന്‍ഒസി ലഭിച്ചത്. ആകെ 99 കെട്ടിടങ്ങള്‍ക്ക് എന്‍ഒസി ലഭിച്ചു. ഈ 77 ദിവസത്തില്‍ 60 പ്രവൃത്തിദിനങ്ങളാണുണ്ടായിരുന്നത്. ഒരു ബഹുനില കെട്ടിടത്തിന് എന്‍ഒസി നല്‍കാന്‍ ഉദ്യോഗസ്ഥന്‍ കെട്ടിടം പരിശോധിക്കണം. ഓരോ പ്ലാനും നേരിട്ടുകണ്ട് പരിശോധിച്ച് സുരക്ഷാക്രമീകരണം ഉറപ്പുവരുത്തണം.
ഉദ്യോഗസ്ഥന്‍ കുറഞ്ഞത് 60 മുതല്‍ 70 വരെ സ്ഥലങ്ങളില്‍ ഒപ്പുകളിടണം. അനുമതി നല്‍കിയ 99 കെട്ടിടങ്ങള്‍ 60 ദിവസം കൊണ്ട് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്‍ പരിശോധിച്ച് ഏഴായിരത്തിലധികം ഒപ്പുകളാണിട്ടത്. ഏതൊക്കെ കെട്ടിടങ്ങള്‍ക്കാണ് അനുമതി നല്‍കിയത്, സുരക്ഷാസംവിധാനങ്ങള്‍ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങള്‍ സ്ഥലത്തെ ഫയര്‍മാന്‍, ലീഡിങ് ഫയര്‍മാന്‍ തുടങ്ങിയവര്‍ക്ക് അറിയില്ലെന്നതാണ് ഏറ്റവും വലിയ ചതി.
















