തിരുവനന്തപുരം: സര്‍ക്കാരിന്റെ കാര്യക്ഷമത മെച്ചപ്പെടുത്താന്‍ രൂപീകരിച്ച ഭരണപരിഷ്‌കാര കമ്മീഷനില്‍ കടുത്ത വിവേചനം. കമ്മീഷനംഗം നീലാ ഗംഗാധരന് ബെംഗളൂരുവില്‍ നിന്ന് വന്നുപോകാന്‍ വിമാനക്കൂലിയും താമസച്ചെലവും ഖജനാവില്‍ നിന്ന് നല്‍കും. മറ്റൊരംഗമായ സി.പി. നായര്‍ക്ക് വന്നുപോകാനുള്ള ഓട്ടോറിക്ഷാക്കൂലി പോലും നല്‍കുന്നില്ല.
ആറു മാസം മുന്‍പാണ് വി.എസ്. അച്യുതാനന്ദനെ അനുനയിപ്പിക്കാന്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ പൊടിതട്ടിയെടുത്തത്. 2017 ആഗസ്ത് മൂന്നിന് ചെയര്‍മാനായി വിഎസിനെ നിശ്ചയിച്ചു. അംഗങ്ങളായി മുന്‍ ചീഫ് സെക്രട്ടറിമാരായ സി.പി. നായര്‍, നീലാ ഗംഗാധരന്‍ എന്നിവരെ നിയമിച്ചു. ചെയര്‍മാന് ക്യാബിനറ്റ് പദവി, പേഴ്‌സണല്‍ സ്റ്റാഫുകള്‍, ഔദ്യോഗിക വാഹനം, വസതി എന്നിവയും അനുവദിച്ചു. അംഗങ്ങള്‍ക്ക് ചീഫ് സെക്രട്ടറിയുടെ തുല്യപദവിയും നല്‍കി. ഔദ്യോഗിക വാഹനം, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയൊന്നും അംഗങ്ങള്‍ക്ക് നല്‍കാന്‍ ശുപാര്‍ശ ചെയ്തില്ല.
ആറു മാസത്തിനിടെ അഞ്ചു യോഗങ്ങളാണ് കൂടിയത്. ഓഫീസ് കിട്ടാത്തതിനാല്‍ ചെയര്‍മാന്റെ ഔദ്യോഗിക വസതിയായ കവടിയാര്‍ ഹൗസിലാണ് യോഗം. ഓരോ യോഗത്തിനും നീലാ ഗംഗാധരന് വിമാനത്തില്‍ പറന്നിറങ്ങാം. ടാക്‌സിക്കൂലി കൂടുതലായതിനാല്‍ ഓട്ടോറിക്ഷയിലാണ് സി.പി. നായര്‍ യോഗത്തിനെത്തുന്നത്; അതും സ്വന്തം കീശയില്‍ നിന്ന് പണം മുടക്കി. കമ്മീഷന് അനുവദിച്ച സ്റ്റാഫ് സെക്രട്ടേറിയറ്റിലെ ലാവണങ്ങളില്‍ തന്നെ. യോഗതീരുമാനങ്ങള്‍, സര്‍ക്കാരിലേക്കുള്ള ശുപാര്‍ശകള്‍ എന്നിവ എഴുതിയുണ്ടാക്കുന്നതും ടൈപ്പ് ചെയ്ത് രേഖയാക്കുന്നതും സി.പി. നായരാണ്.
















