തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ജനവഞ്ചനയ്‌ക്കെതിരെ റേഷന്‍ വ്യാപാരികള്‍ ഏപ്രില്‍ മൂന്നിന് പണിമുടക്കുന്നു. ഭക്ഷ്യധാന്യങ്ങള്‍ റേഷന്‍ കടകളില്‍ നേരിട്ട് എത്തിക്കണമെന്ന ഭക്ഷ്യഭദ്രതാ നിയമത്തിലെ വ്യസ്ഥകള്‍ അട്ടിമറിക്കാനുള്ള ശ്രമം ഉപേക്ഷിക്കുക, റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ നിന്ന് അനര്‍ഹരെ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റേഷന്‍ വ്യാപാരികള്‍ ഒരു ദിവസം കടയടച്ച് പ്രതിഷേധിക്കുന്നത്.
പുതുക്കിയ റേഷന്‍ മുന്‍ഗണനാപട്ടികയില്‍ 13 ലക്ഷം അനര്‍ഹ കുടുംബങ്ങള്‍ ഉള്‍പ്പെട്ടിരിക്കുമ്പോള്‍ അര്‍ഹരായ ലക്ഷക്കണക്കിന് പേര്‍ പുറത്താണ്. കരടു പട്ടികയിലെ അപാകതകള്‍ക്കെതിരെ ലഭിച്ച 15 ലക്ഷം പരാതികളില്‍ 12 ലക്ഷവും അര്‍ഹരാണെങ്കിലും ലിസ്റ്റില്‍ ഉള്‍പ്പെട്ടത് വെറും രണ്ടു ലക്ഷം മാത്രമാണ്. അര്‍ഹരെ ഉള്‍പ്പെടുത്താനും അനര്‍ഹരെ ഒഴിവാക്കാനും അധികാരം നല്‍കാതെ ഗ്രാമസഭകളെ നോക്കുകുത്തിയാക്കിയിരിക്കുകയാണ്.
റേഷന്‍ മൊത്ത വ്യാപാരികളെ ഒഴിവാക്കി ഭക്ഷ്യധാന്യങ്ങള്‍ നേരിട്ട് റേഷന്‍ കടകളില്‍ എത്തിക്കണമെന്ന ഭക്ഷ്യഭദ്രതാ നിയമത്തിലെ വ്യവസ്ഥകള്‍ അട്ടിമറിച്ച് മൊത്ത വ്യാപാരികള്‍ക്കും കരിഞ്ചന്ത മാഫിയയ്‌ക്കും ടെന്‍ഡര്‍ നല്‍കിയതില്‍ വന്‍ അഴിമതിയുണ്ട്. ഇതില്‍ ഉന്നത ഉദ്യാഗസ്ഥര്‍ക്ക് അടക്കമുള്ളവര്‍ക്ക് പങ്കുണ്ട്. വിവിധ താലൂക്കുകളിലായി 300 കോടി രൂപയുടെ ടെന്‍ഡറാണ് ഉറപ്പിച്ചത്. റേഷന്‍ സാധനങ്ങള്‍ കൊണ്ടു പോകുന്ന വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കണ്ടെന്ന് തീരുമാനിച്ചതും റേഷന്‍ സ്മാര്‍ട്ട് കാര്‍ഡ് ഉപേക്ഷിച്ചതും കരിഞ്ചന്ത മാഫിയയെ സഹായിക്കാനാണ്.
റേഷന്‍ ഭക്ഷ്യധാന്യ വിഹിതം വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സര്‍വ്വകക്ഷിസംഘം ദല്‍ഹിക്കു പോകുന്നതിനു മുമ്പായി കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുള്ള എല്ലാ കാര്യങ്ങളും നടപ്പിലാക്കണണമെന്നും ഇല്ലെങ്കില്‍ നിരാശരായി മടങ്ങേണ്ടി വരുമെന്നും ആള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
















