കണ്ണൂര്‍: ഫസല്‍ വധക്കേസിലെ സിപിഎം ഗൂഢാലോചന പൊളിഞ്ഞെന്ന് ഫസലിന്റെ സഹോദരി റംല. കേസിലെ പ്രതികളും സിപിഎം നേതാക്കളുമായ കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും രക്ഷിക്കാനുളള ശ്രമമാണ് സിപിഎം നടത്തുന്നത്.
ഫസലിനെ വധിച്ചത് താനാണെന്ന സുബീഷിന്റെ മൊഴി വിശ്വസിക്കാനാകില്ല. സിപിഎമ്മിനാണ് ഫസലിനോട് വിരോധമുണ്ടായിരുന്നത്. കേസില്‍ നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടെന്ന് പറഞ്ഞ റംല സിപിഎമ്മിനൊപ്പം പോകരുതെന്ന് സഹോദരന്‍ അബ്ദുല്‍ സത്താറിനോട് ആവശ്യപ്പെട്ടു.
തലശേരിയിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്ന ഫസലിനെ കൊലപ്പെടുത്തിയ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി കൊച്ചി സിബിഐ കോടതി തള്ളിയതിന് പിന്നാലെയാണ് റംല സിപിഎമ്മിനെതിരെ രംഗത്ത് വന്നത്. ഫസലിന്റെ സഹോദരൻ അബ്ദുൾസത്താറാണ് കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
ഫസലിനെ കൊലപ്പെടുത്തിയത് താനുൾപ്പെട്ട സംഘമാണെന്ന ആർഎസ്എസ് പ്രവർത്തകൻ സുബിഷ് വെളിപ്പെടുത്തിയിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് സത്താർ കോടതിയ സമീപിച്ചത്. ഫസലിനെ കൊലപ്പെടുത്തിയതിന്റെ വിശദാംശങ്ങൾ സുബീഷ് പോലീസിനോടു വെളിപ്പെടുത്തുന്ന ദൃശ്യങ്ങളും സത്താർ കോടതിയിൽ സമർപ്പിച്ചിരുന്നു.
എന്നാല്‍ ഫസലിന്റെ സഹോദരനും സിപിഎം അനുഭാവിയുമായ അബ്ദുള്‍ സത്താര്‍ അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നുവെന്ന് സിബിഐ വാദിക്കുകയായിരുന്നു.
















