വില്ലിംഗ്ടണ്‍:നായകന്‍ എ.ബി.ഡിവില്ലിയേഴ്‌സിന്റെ മികവാര്‍ന്ന ബാറ്റിംഗും ബൗളര്‍മാരുടെ മിന്നുന്ന പ്രകടനവും ദക്ഷിണാഫ്രിക്കയ്‌ക്ക് വിജയം ഒരുക്കി.മൂന്നാം ഏകദിനത്തില്‍ അവര്‍ 159 റണ്‍സിന് ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി.ഇതോടെ അഞ്ചുമത്സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 2-1 ന് മുന്നിലെത്തി.
272 റണ്‍സിന്റെ വിജയലക്ഷ്യത്തിനായി ബാറ്റുചെയ്ത ന്യൂസിലന്‍ഡ് 32.2 ഓവറില്‍ 112 റണ്‍സിനു പുറത്തായി.ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ എട്ടുവിക്കറ്റിന് 271 റണ്‍സെടുത്തു. ക്യാപറ്റന്‍ ഡിവില്ലിയേഴ്‌സ് (85), ഓപ്പണര്‍ ഡിക്കോക്ക് (68) എന്നിവരുടെ മികവിലാണ് ദക്ഷിണാഫ്രിക്ക മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
80 പന്തില്‍ ഏഴുഫോറും ഒരു സിക്‌സറും ഉള്‍പ്പെടെ ഡിവില്ലിയേഴ്‌സ് 85 റണ്‍സ് നേടി.ഡിവില്ലിയേഴ്‌സാണ് കളിയിലെ കേമന്‍. വിജയം ലക്ഷ്യമിട്ടിറങ്ങിയ കിവീസിനെ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ ചുരുട്ടികെട്ടി.ഓപ്പണര്‍ ലാത്തമിനെ വീഴ്‌ത്തി പാര്‍ണലാണ് വിക്കറ്റ് വേട്ട തുടങ്ങിയത്.പിന്നീട് ഒരോന്നായി കീവിസിന്റെ വിക്കറ്റുകള്‍ വീണു.വില്ല്യംസണ്‍ (23),ഗ്രാന്‍ഡ്‌ഹോം (34) എന്നിവര്‍ക്കുമാത്രമാണ് അല്‍പനേരമെങ്കിലും പിടിച്ചു നില്‍ക്കാനായൊളളു.
ദക്ഷിണാഫ്രിക്കയുടെ പ്രിട്ടോറിയസ് 5.2 ഓവറില്‍ അഞ്ചു റണ്‍സുമാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി.പാര്‍ണല്‍,റബാബ എന്നിവര്‍ രണ്ടു വിക്കറ്റ് വീഴ്‌ത്തി.
















