ഇരവികുളത്തിന് സമീപം കണ്ടെത്തിയ പുതിയ ഇനം ബാള്‍സം
മൂന്നാര്‍ (ഇടുക്കി): മൂന്നാര്‍ ഇരവികുളം ദേശീയോദ്യാനത്തിന് സമീപം പുതിയ ഇനം ബാള്‍സം ചെടി കണ്ടെത്തി. ബാള്‍സം ചെടികള്‍ക്ക് ഏറെ പേരുകേട്ട മൂന്നാര്‍ പ്രദേശത്തിന് പുതുതായി ഒരു അംഗം കൂടിയായി. ഈ പ്രദേശത്ത് നേരത്തെ കണ്ടെത്തിയ ഇംപേഷ്യസ് ട്രാവന്‍കൂറിക്ക എന്ന ചെറു ബാള്‍സത്തിനോട് ഏറെ സാമ്യമുള്ള പുതിയ ചെടി കണ്ടെത്തിയത് പെട്ടിമുടി ഭാഗത്താണ്.
പ്രദേശത്തെ ഇംപേഷ്യന്‍സില്‍ ഗവേഷണം നടത്തുന്ന മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി. പ്രസാദാണ് ചെടി ആദ്യമായി ശ്രദ്ധിച്ചത്. കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാലയിലെ ഗവേഷണ വിഭാഗത്തിലെ ഡോ.കെ.എം. പ്രഭുകുമാര്‍, ജഗദീഷ് എന്നിവര്‍ മൂന്നാര്‍ സന്ദര്‍ശിച്ചപ്പോള്‍ ഈ വിവരം ധരിപ്പിച്ചു. അവരുടെ വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ സസ്യമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
പാറപ്പുറത്തും മരങ്ങളിലെ പായലുകളിലും ഇവ വളരുന്നു. കുറച്ച് കാലം മാത്രമാണ് ആയുസ് എന്നതിനാല്‍ ഇവയെ കണ്ടെത്തി പഠിക്കുന്നത് ഏറെ ശ്രമകരമാണെന്ന് ജി. പ്രസാദ് പറയുന്നു. ഈ സസ്യത്തിന് ഇംപേഷ്യസ് പാണ്ടുരംഗാനി എന്നാണ് പേര് നല്‍കിയത്. മാങ്കുളം പ്രദേശത്ത് നിന്ന് ഇംപേഷ്യസ് മാങ്കുളമന്‍സിസ് എന്ന പേരില്‍ മാങ്കുളം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ബി.എന്‍. നാഗരാജിന്റെ നേതൃത്വത്തില്‍ മറ്റൊരു സസ്യം കൂടി ഗവേഷകര്‍ കണ്ടെത്തി. രണ്ട് സസ്യങ്ങളും ഇരവികുളം ദേശീയോദ്യാനത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളായ ചോല വനങ്ങളില്‍ ചുരുങ്ങിയ എണ്ണത്തില്‍ കണ്ടുവരുന്നതാണ്.
















