ന്യൂദല്‍ഹി: ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പിന് പ്രത്യേക പ്രാധാന്യം നല്‍കുന്നില്ലെന്ന് ഒളിമ്പിക്‌സ് വെളളി മെഡല്‍ ജേതാവ് പി.വി.സിന്ധു.മറ്റു സൂപ്പ ര്‍ സീരിസ് ടൂര്‍ണമെന്റുകളെപ്പോലെയാണ് തനിക്ക് ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പെന്ന് സിന്ധു പറഞ്ഞു.
പേരുകേള്‍ക്കുമ്പോള്‍ ജനത്തിനു ഇത് വമ്പന്‍ ടൂര്‍ണമെന്റാണെന്നുതോന്നും.എന്നാല്‍ ഒരു കളിക്കാരിയായ തനിക്ക് ഇത് മറ്റു സൂപ്പര്‍ സീരിസ് ടൂര്‍ണമെന്റു പോലെയാണെന്ന് സിന്ധു വ്യക്തമാക്കി.
ആറുലക്ഷം ഡോളര്‍ സമ്മാനത്തുകയുളള ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് മാര്‍ച്ച് ഏഴുമുതല്‍ 12 വരെ ബ്രഹ്മിംഗ്ഹാമില്‍ നടക്കും.
ടൂര്‍ണമെന്റിനായി കഠിന പരിശീലത്തിലാണ് സിന്ധു.നിലവില്‍ ലോക അഞ്ചാം നമ്പറായ സിന്ധു ആദ്യ റൗണ്ടില്‍ ഡെന്‍മാര്‍ക്കിന്റെ മാറ്റി പോള്‍സനെ നേരിടും.ക്വാര്‍ട്ടറില്‍ മിക്കവാറും ലോക ഒന്നാം നമ്പറായ തായ് സൂ യിംഗ് ആയിരിക്കും സിന്ധുവിന്റെ എതിരാളി.ഹോങ്കോംഗ് ഓപ്പണുള്‍പ്പെടെ അഞ്ചു ടൂര്‍ണമെന്റുകളില്‍ സിന്ധു യിംഗിനോട് തോറ്റിട്ടുണ്ട്.
2016 ല്‍ ഒളിമ്പിക്‌സില്‍ വെളളിമെഡല്‍ നേടിയ സിന്ധു ചൈനീസ് ഓപ്പണിലും വിജയക്കൊടി നാട്ടി.ഹോങ്കോംഗ് സൂപ്പര്‍ സീരിസ് , ബി.ഡബ്‌ളീയു എഫ് സൂപ്പര്‍ സീരസ് ടൂര്‍ണമെന്റുകളുടെ ഫൈനലിലുമെത്തി.ഈ വര്‍ഷം അവസാനത്തോടെ ലോക മൂന്നാം നമ്പര്‍ സ്ഥാനത്തെത്താമെന്ന പ്രതീക്ഷയിലാണ് സിന്ധു.
സിന്ധുവിന്റെ കോച്ച് ഗോപീചന്ദ്, ഇതിഹാസമായ പ്രകാശ് പദുകോണ്‍ എന്നീവര്‍ മാത്രമാണ് ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയ ഇന്ത്യന്‍ താരങ്ങള്‍.2015ല്‍ സെയ്‌ന നഹ്‌വാള്‍ കിരീടത്തിനടുത്തുവരെയെത്തി.പക്ഷെ ഫൈനലില്‍ ഒളിമ്പിക് ചാമ്പ്യന്‍ കരോലീനയോട് തോറ്റു.
















