കൊച്ചി: വിദേശത്തു നിന്ന് സ്റ്റുഡിയോ ആവശ്യത്തിനായി കൊണ്ടുവന്ന ഡ്രോണ്‍ നെടുമ്പാശേരിയില്‍ കസ്റ്റംസ് അധികൃതര്‍ തടഞ്ഞുവച്ചതിനെതിരെ വൈക്കം സ്വദേശി ജഗ്ദേവ് ദാമോദരന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
ഡ്രോണുകള്‍ ഇറക്കുമതി ചെയ്യുന്നതിന് നിയന്ത്രണമുണ്ടെന്ന് ചൂണ്ടിക്കാട്ടി നവംബര്‍ എട്ടിനാണ് വിദേശത്തു നിന്ന് ഹര്‍ജിക്കാരന്‍ കൊണ്ടുവന്ന ഡ്രോണ്‍ കസ്റ്റംസ് അധികൃതര്‍ വിമാനത്താവളത്തില്‍ തടഞ്ഞത്. ഇവിടെ ഓണ്‍ലൈനായി പോലും വാങ്ങാന്‍ കഴിയുന്ന ഡ്രോണ്‍ വിദേശത്തു നിന്ന് കൊണ്ടുവരുന്നതിന് തടസമില്ലെന്നും പൊതുസ്ഥലങ്ങളില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ ഇതുപയോഗിക്കരുതെന്ന നിയന്ത്രണം മാത്രമാണുള്ളതെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, ആളില്ലാ വിമാനങ്ങള്‍, റിമോട്ട് ഉപയോഗിച്ചു നിയന്ത്രിക്കുന്ന ചെറു വിമാനങ്ങള്‍ തുടങ്ങിയവ ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള വിദേശ വ്യാപാര ഡയറക്ടര്‍ ജനറല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ഉത്തരവിറക്കി. സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറലിന്റെ മുന്‍കൂര്‍ അനുമതിയും വിദേശ വ്യാപാര ഡയറക്ടര്‍ ജനറലിന്റെ ഇറക്കുമതി ലൈസന്‍സും വേണമെന്നാണ് ജൂലായ് 27 ലെ ഉത്തരവില്‍ പറയുന്നത്.
ഇതു രണ്ടും ഹര്‍ജിക്കാരന്‍ ഹാജരാക്കിയില്ലെന്ന് കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി. മുന്‍കൂര്‍ അനുമതി തേടണമെന്ന് വ്യവസ്ഥയുള്ളപ്പോള്‍ അതു ലംഘിച്ച് ഡ്രോണ്‍ വിട്ടു നല്‍കണമെന്ന് നിര്‍ദ്ദേശിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളിയത്.
















