വളയം: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് കൈമാറാനുള്ള മന്ത്രിസഭാ തീരുമാനം സ്വാഗതം ചെയ്ത് കുടുംബം.
ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണം സംഭവിച്ച സമയത്ത് തന്നെ വിവാദങ്ങള്‍ തുടങ്ങിയിരുന്നു.
എഫ്‌ഐആര്‍ തയ്യാറാക്കിയ പഴയന്നൂര്‍ എഎസ്‌ഐ പ്രതികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയും കേസ് അട്ടിമറിക്കാന്‍ നടത്തിയ ശ്രമങ്ങളും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് അട്ടിമറിച്ചതും അടക്കം കേസ് അട്ടിമറിക്കുന്നതിനാണെന്ന ബന്ധുക്കളുടെ വാദം ശരിയായിരുന്നെന്ന് പിന്നീട് തെളിഞ്ഞിരുന്നു.
മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും നേരില്‍കണ്ട് നിരവധിതവണ ജിഷ്ണുവിന്റെ അച്ഛനും അമ്മയും നിവേദനം നല്‍കിയിരുന്നെങ്കിലും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനുകൂലമായ നടപടി എടുത്തിരുന്നില്ല. ഇതേത്തുടര്‍ന്ന് ജിഷ്ണുവിന്റെ മാതാപിതാക്കളും ബന്ധുക്കളും ഡിജിപി ഓഫീസിനു മുന്നില്‍ സമരം നടത്താന്‍ എത്തിയപ്പോള്‍ അമ്മ മഹിജയെയും അമ്മാവന്‍ ശ്രീജിത്തിനെയും പോലീസ് മര്‍ദിച്ചു സാരമായി പരിക്കേല്‍പ്പിച്ച സംഭവം വലിയ രാഷ്‌ട്രീയ വിവാദത്തിന് ഇടയാക്കി.
പ്രതികളെ ഉടന്‍ പിടിക്കുമെന്ന ഉറപ്പുകള്‍ ഒന്നും തന്നെ പാലിക്കാതെ വന്നതോടെയാണ് അശോകന്‍ ഡിജിപി സെന്‍കുമാറിനെ കണ്ട് കേസ്സ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകളി തുടരുന്നത് കുടുംബത്തെ അലോസരപ്പെടുത്തിയിരുന്നു.
















