അരിസോണ: സാമ്പത്തികമായി അത്രയ്‌ക്ക് വിഷമിക്കുന്നതു കൊണ്ടാണ് ഞാന്‍ ഇതിനു തീരുമാനിച്ചത്. ഉദ്ദേശിച്ചതിനേക്കാള്‍ക്കൂടുതല്‍ കാശു കിട്ടിയതില്‍ സന്തോഷമുണ്ട്. എന്നാല്‍ വില്‍ക്കുന്നത് എനിക്കു കിട്ടിയ മെഡല്‍ മാത്രമല്ല, മ്യൂണിക്കിലും മോണ്‍ട്രിയയിലും മുഴങ്ങിയ ആരവങ്ങളുമാണെന്ന് എനിക്കിപ്പോള്‍ തോന്നുന്നു…ഒള്‍ഗ കൊര്‍ബര്‍ട്ട് എന്ന അറുപത്തൊന്നുകാരിക്ക് വാക്കുകള്‍ ഇടറി.
സ്പാരോ ഫ്രം മിന്‍സ്‌ക് എന്നായിരുന്നു അന്ന് ഒള്‍ഗയെ വിളിച്ചിരുന്നത്. ഒരിക്കല്‍ സോവിയറ്റ് ജിംനാസ്റ്റിക് ടീമിന്റെ കരുത്തും സൗന്ദര്യവും. 1972ലെ മ്യൂണിക് ഒളിമ്പിക്‌സില്‍ നേടിയ മൂന്നു സ്വര്‍ണ്ണവും ഒരു വെള്ളിമെഡലുമാണ് ഒള്‍ഗയെ ലോക ശ്രദ്ധയില്‍ക്കൊണ്ടു വന്നത്. പിന്നെ ആ നാലടി പതിനൊന്നിഞ്ചുകാരിയുടെ വിഖ്യാതമായ പുഞ്ചിരിയും.
ഇപ്പോഴിതാ ഒളിമ്പിക്‌സ് സ്വര്‍ണ്ണങ്ങള്‍ അടക്കം തന്റെ ഏഴു മെഡലുകള്‍ ഒള്‍ഗ ലേലത്തിലൂടെ വിറ്റിരിക്കുന്നു, ഒരുകോടി 20 ലക്ഷത്തിലേറെ രൂപയ്‌ക്ക്. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു രക്ഷപ്പെടാനാണ് ഒള്‍ഗ മനസ്സില്ലാമനസ്സോടെ ഒള്‍ഗ ഈ ലേലത്തിനു സമ്മതിച്ചത്.
ബെലാറസില്‍ ജനിച്ച ഒള്‍ഗ 1991ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. അന്നു മുതല്‍ അരിസോണയിലാണ് ഒള്‍ഗ താമസിക്കുന്നത്.
ഇത്രയും കാലത്തിനു ശേഷം ആ മെഡലുകള്‍ ലേലത്തിനു വച്ചപ്പോള്‍ ഒരു ലക്ഷത്തി എണ്‍പത്തിമൂവായിരം ഡോളര്‍ (12,224,542 രൂപ) ലഭിച്ചു എന്നറിയുമ്പോഴാണ് അക്കാലത്ത് ഒള്‍ഗ എന്ന അത്‌ലറ്റിനുണ്ടായിരുന്ന ജനപ്രീതിയെക്കുറിച്ച് പലരും വിസ്മയിക്കുന്നത്. റഷ്യയുടെ എക്കാലത്തേയും മികച്ച ഒളിമ്പിക്‌സ് ലെജന്‍ഡ് എന്നാണ് ഒള്‍ഗയെ വിശേഷിപ്പിക്കുന്നത്.
മ്യൂണിക്കില്‍ ടീം, ബാലന്‍സ്, ഫ്‌ളോര്‍ എക്‌സര്‍സൈസ് ഇനങ്ങളിലാണ് ഒള്‍ഗ സ്വര്‍ണ്ണം നേടിയത്. മിന്‍സ്‌കിലെ കുരുവി ഈ പ്രകടനം നാലു വര്‍ഷങ്ങള്‍ക്കു ശേഷം മോണ്‍ട്രിയല്‍ ഒളിമ്പികിസിലും ആവര്‍ത്തിച്ചു. അവിടെ ഒരു സ്വര്‍ണ്ണവും വെള്ളിയുമായിരുന്നു ഒള്‍ഗയുടെ നേട്ടം. ഒളിമ്പിക്‌സില്‍ ഒള്‍ഗ അവതരിപ്പിച്ചിരുന്ന ഏറെ സാഹസികമായ സ്റ്റൈലിനെ കൊര്‍ബട്ട് ഫ്‌ളിപ് എന്നാണ് വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ അപകടകരമാണ് എന്നതിനാല്‍ പിന്നീട് ഈ സ്റ്റൈല്‍ ഒളിമ്പിക്‌സില്‍ നിരോധിക്കുകയായിരുന്നു.
1972ല്‍ ബിബിസിയുടെ സ്‌പോര്‍ട്‌സ് പെഴ്‌സണ്‍ ഒഫ് ദി ഇയറായിരുന്ന ഒള്‍ഗ അക്കാലത്ത് നിരവധി മാഗസിനുകള്‍ക്ക് പ്രിയപ്പെട്ട കവര്‍ ഗേളായിരുന്നു. വിഖ്യാത റഷ്യന്‍ നാടോടി ഗായകന്‍ ലിയോനിഡ് ബോര്‍ട്ട്‌കെവിച്ചിനെ വിവാഹം കഴിച്ച ഒള്‍ഗ് സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെയാണ് അമേരിക്കയിലേക്കു കുടിയേറിയത്. സോവിയറ്റ്-അമേരിക്ക ശീതസമരത്തിന്റെ അത്യുഷ്ണകാലത്ത് മ്യൂണിക്കില്‍ ഒള്‍ഗ നേടിയ മെഡലുകള്‍ അമേരിക്കയില്‍ വച്ച് ലേലത്തില്‍ വിറ്റതും ഒരു പക്ഷേ കാലത്തിന്റെ യാദൃച്ഛികതയായിരിക്കാം…
















