ബെംഗളുരു: ഇന്ത്യ- ഓസീസ് ഒന്നാം ടെസ്റ്റ് അരങ്ങേറിയ പൂനെ വിക്കറ്റ് നിലവാരമില്ലാത്തതായിരുന്നെന്ന മാച്ച് റഫറി ക്രിസ് ബോര്‍ഡിന്റെ വാദം ഇന്ത്യന്‍ ഓപ്പണര്‍ മുരളി വിജയ് തളളി.
പൂനെയിലെ പിച്ച് മോശമായിരുന്നില്ല. ആദ്യ പന്തു മുതല്‍ വെല്ലവിളിയുയര്‍ത്തുന്നാതായിരുന്നു അത്. ഫ്‌ളാറ്റ് വിക്കറ്റില്‍ മാത്രം കളിച്ചാല്‍പ്പോരെ. ഇതുപോലെ വെല്ലുവിളിയുയര്‍ത്തുന്ന പിച്ചിലും കളിക്കേണ്ടത് അനിവാര്യമാണ്. ബാറ്റസ്മാന്മാരുടെ സാങ്കേതിക മികവ് പരീക്ഷിക്കപ്പെടുന്ന വിക്കറ്റുകളില്‍ കളിക്കുന്നത് നല്ലകാര്യമാണെന്ന് മുരളി പറഞ്ഞു.
ബാറ്റ്‌സ്മാന്മാര്‍ പരാജയപ്പെട്ട പൂനെ പിച്ചില്‍ ഇന്ത്യ 333 റണ്‍സിനാണ് ഓസ്‌ട്രേലിയയോടു തോറ്റത്.
ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് നടത്തിയത്. എന്നാല്‍ ഒന്നാം ഇന്നിംഗ്‌സില്‍ വന്‍ ലീഡു വഴങ്ങിയതും മോശമായ ബാറ്റിംഗും സ്മിത്തിന്റെ നിര്‍ണായകമായ ക്യാച്ച് കൈവിട്ടതുമൊക്കെ തോല്‍വിക്ക് കാരണമായെന്ന് മുരളി വിജയ് പറഞ്ഞു.പൂനെയിലെ തോല്‍വിയെക്കുറിച്ച് ടീം വിശദമായി ചര്‍ച്ചചെയ്തു. പിഴവുകള്‍ വരുത്താതെ അടുത്ത മത്സരത്തില്‍ കളിക്കാന്‍ തയ്യാറെടുക്കുകയാണ്. പശ്ചിമ ഘട്ടത്തിലേക്ക് ട്രക്കിംഗ് നടത്തിയത് വന്‍ തോല്‍വി മറക്കാന്‍ ടീമിന് സഹായകമായി.
രണ്ടാം ടെസ്റ്റ് നടക്കുന്ന ബെംഗളുരു ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ പിച്ച് മികച്ചതായിരിക്കുമെന്നാണ് പ്രതീക്ഷയെന്നും മുരളി പറഞ്ഞു.
രണ്ടാം ടെസ്റ്റ് ശനിയാഴ്ച തുടങ്ങും.
















