മുംബൈ: ജൂണ്‍ മാസത്തോടെ ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 45 കോടിയാകുമെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഇന്ത്യ 60 ശതമാനത്തോടടുക്കുകയാണെന്നും ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗ്രാമീണ മേഖലയിലെ 74 കോടി പേര്‍ ഇനിയും നെറ്റ് ഉപയോക്താക്കള്‍ ആയിട്ടില്ല. അതിനാല്‍ ഇന്റര്‍നെറ്റിന് ഇനിയും ഇവിടെ അനന്തസാധ്യതകളാണ് ഉള്ളത്. ഗ്രാമങ്ങളിലെ 78 ലക്ഷം പേര്‍ ദിവസവും നെറ്റ് ഉപയോഗിക്കുന്നവരാണ്. 1.40 കോടിപ്പേര്‍ മാസത്തില്‍ ഒരിക്കലെങ്കിലും നെറ്റ് ഉപയോഗിക്കുന്നുണ്ട്.
ഡിസംബറില്‍ ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ 43 കോടിയായിരുന്നു. നോട്ട് അസാധുവാക്കല്‍ വന്നതോടെ മൊബൈല്‍, ഡിജിറ്റല്‍ ഇടപാട് കൂടി. ഇതും ഇന്റര്‍നെറ്റ് ഉപയോഗം വളരെ വര്‍ദ്ധിപ്പിച്ചു. നഗരങ്ങളിലെ 44.4 കോടി ജനങ്ങളില്‍ 26.9 കോടിപ്പേരും സ്ഥിരം നെറ്റ് ഉപയോഗിക്കുന്നവരാണ്.
നഗരങ്ങളിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ 77 ശതമാനം പേരും ഗ്രാമങ്ങളിലെ 92 ശതമാനം പേരും മൊബൈല്‍ നെറ്റാണ് പ്രയോജനപ്പെടുത്തുന്നത്.മൊബൈല്‍ മല്‍സരം മൂലം വില ഗണ്യമായി കുറയുന്നുണ്ട്. നെറ്റ് നിരക്കും വന്‍തോതില്‍ കുറയുന്നു.
















