ന്യൂദല്‍ഹി: സര്‍ക്കാര്‍ ഭൂമിയിലെ കെട്ടിടത്തില്‍ അനധികൃതമായി പാര്‍ട്ടി ഓഫീസ് തുടങ്ങിയതിന് ആംആദ്മി പാര്‍ട്ടിയ്‌ക്ക് പിഴ. 27 ലക്ഷം രൂപ പിഴ അടയ്‌ക്കാന്‍ നോട്ടീസ് നല്‍കി. ദല്‍ഹി സര്‍ക്കാരിന്റെ പൊതുമരാമത്ത് വകുപ്പാണ് ആം ആദ്മി പാര്‍ട്ടി ദേശീയ സെക്രട്ടറി പങ്കജ് ഗുപ്തയ്‌ക്ക് 27 ലക്ഷം രൂപ പിഴയടക്കാന്‍ നോട്ടീസയച്ചത്.
വടക്കന്‍ ദല്‍ഹിയിലെ റൗസ് അവന്യൂവിലുള്ള പൊതുമരാമത്ത് വകുപ്പിന്റെ കെട്ടിടമാണ് നിയമ വിരുദ്ധമായി ആംആദ്മി സ്വന്തം ഓഫീസാക്കി പ്രവര്‍ത്തിച്ചു വന്നത്. 27,73,802 രൂപയാണ് വാടകയിനത്തില്‍ പാര്‍ട്ടി അടയ്‌ക്കേണ്ടത്. ലൈസന്‍സ് ഫീസിന്റെ 65 മടങ്ങാണ് ഈ തുക. കെട്ടിടം ഒഴിയാന്‍ വൈകുന്നത് അനുസരിച്ച് തുക ഇനിയും കൂടുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
2015-ലാണ് ആം ആദ്മി സര്‍ക്കാര്‍ ഈ കെട്ടിടത്തിലേക്ക് പാര്‍ട്ടി ഓഫീസ് മാറ്റുന്നത്. മുന്‍ മന്ത്രിയായിരുന്ന അസീം അഹമ്മദ് ഖാന്‍ ആണ് ഈ കെട്ടിടത്തില്‍ നേരത്തെ താമസിച്ചിരുന്നത്. എന്നാല്‍ അഴിമതി ആരോപണത്തെ തുടര്‍ന്ന് ഖാന്‍ ഒഴിഞ്ഞതോടെ കെട്ടിടം എഎപിക്ക് നല്‍കുകയായിരുന്നു. സംസ്ഥാന പാര്‍ട്ടികള്‍ക്ക് ഭൂമി നല്‍കുന്ന നയത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. പിന്നീട് ആംആദ്മി ഇത് സ്വന്തം പാര്‍ട്ടി ഓഫീസാക്കുകയായിരുന്നു കെട്ടിടം.
അതേസമയം കെട്ടിടം അനുവദിച്ചത് നിയമം ലംഘിച്ചാണെന്നും ഉടന്‍ ഒഴിയണമെന്നും ആവശ്യപ്പെട്ട് ഏപ്രിലില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് നഗരഭരണകൂടം നോട്ടീസ് അയച്ചിരുന്നു. പാര്‍ട്ടിക്ക് ഓഫീസ് അനുവദിച്ചത് ചട്ടങ്ങള്‍ പാലിക്കാതെയെന്നായിരുന്നു പരാതി. എന്നാല്‍ മറ്റ് രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഇത്തരത്തില്‍ ബംഗ്ലാവുകള്‍ പാര്‍ട്ടി ഓഫീസുകളായി പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്നും അതിനാല്‍ തങ്ങളെ മാത്രം ലക്ഷ്യം വെയ്‌ക്കുന്നത് രാഷ്‌ട്രീയ ഗൂഢാലോചനയാണെന്നും കേജ്‌രിവാള്‍ കുറ്റപ്പെടുത്തിയിരുന്നു.
















