ബെംഗളൂരു: ഞാന്‍ ഓട്ടോക്കാരന്‍…ഓട്ടോക്കാരന്‍…എന്ന പാട്ട് പിന്നണയില്‍ ഇട്ടാല്‍ ആ വിഡിയോ കുറച്ചു കൂടി അടിപൊളിയാവുമായിരുന്നു. ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയ്‌ക്ക് കമന്റേറ്ററായി വന്ന മുന്‍ ഓസീസ് ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലാര്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോയുടെ കാര്യമാണ് പറയുന്നത്.
ബെംഗളൂരു നഗരത്തില്‍ ഒന്നു നടക്കാനിറങ്ങിയ ക്ലാര്‍ക്കിന് ഓട്ടോറിക്ഷ കണ്ടപ്പോള്‍ കൗതുകം. മുമ്പ് ഓസീസ് ടീമിനൊപ്പവും പിന്നെ ഐപിഎല്ലിലും കളിക്കാന്‍ ഇന്ത്യയില്‍ വന്നപ്പോഴൊക്കെ പല നഗരത്തിലും കണ്ടിട്ടുള്ള ഈ മുച്ചക്ര വാഹനം ഓടിക്കാന്‍ പഠിക്കണമെന്ന് പലപ്പോഴും കരുതിയതാണ്. ടീം ബസിന്റെ സൈഡ് സീറ്റിലിരുന്നു പുറത്തേക്ക് നോക്കുമ്പോഴൊക്കെ ഓട്ടോറിക്ഷയുടെ കുടുകുടു സഞ്ചാരം കൗതുകമായിരുന്നു ക്ലാര്‍ക്കിന്.
കഴിഞ്ഞ ദിവസം ഈ ആഗ്രഹം സാധിച്ചെടുത്തു ക്ലാര്‍ക്. മഞ്ഞയും പച്ചയും കലര്‍ന്ന ബംഗളൂരുവിലെ ഓട്ടോറിക്ഷകളിലൊന്നിലാണ് ക്ലാര്‍ക് പണി പഠിച്ചത്. ഓട്ടോയുടെ ഡ്രൈവര്‍ പയ്യന്‍ കാര്യങ്ങള്‍ ഒറ്റത്തവണ പറഞ്ഞു കൊടുത്തതേയുള്ളൂ, ക്ലാര്‍ക് ചിരപരിചിതനായ ഡ്രൈവറെപ്പോലെ വണ്ടിയെടുത്തു. കുറച്ചു ദൂരം ഓടിച്ചു.
കളത്തില്‍ ഇന്ത്യന്‍ താരങ്ങളുമായി അല്ലറചില്ലറ വഴക്കൊക്കെയുണ്ടാക്കിയിട്ടുണ്ടെങ്കലും ഓസീസ് താരങ്ങള്‍ക്ക് ഇന്ത്യപ്പെട്ട നാടാണ് ഇന്ത്യ. ഓസ്‌ട്രേലിയയുടെ എക്കാലത്തേയും മികച്ച ക്യാപ്റ്റന്‍ സ്റ്റീവ് വോയ്‌ക്ക് കൊല്‍ക്കത്ത സ്വന്തം നാടു പോലെയാണ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിനായി കളിച്ചിട്ടുള്ള മാത്യു ഹൈഡന്‍ പലപ്പോഴും ആ നഗരത്തെക്കുറിച്ച് മികച്ച അനുഭവങ്ങള്‍ പങ്കു വച്ചിട്ടുണ്ട്. ബെംഗളൂരുവു ക്ലാര്‍ക്കിന്റെ ഇഷ്ട നഗരമാകാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. 2004-ല്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തന്റെ ആദ്യ ടെസ്റ്റ് കളിച്ച് ക്ലാര്‍ക് അന്ന് ഇന്ത്യക്കെതിരെ ഒന്നാം ഇന്നിംഗ്‌സ് 151 റണ്‍സാണ് അടിച്ചത്. ഓസ്‌ട്രേലിയയുടെ 217 റണ്‍സ് വിജയത്തില്‍ നിര്‍ണായകമായിരുന്നു ആ ഇന്നിംഗ്‌സ്.
















