മുംബൈ: അമിതവണ്ണത്തെ തുടര്‍ന്ന് ട്വിറ്ററിലൂടെ അപമാനിതനായ മധ്യപ്രദേശ് പോലീസ് ഇന്‍സ്‌പെക്ടര്‍ ദൗലത് റാം ജോഗ്വത്(58) വണ്ണം കുറയ്‌ക്കുന്നതിനുള്ള ശസ്ത്രക്രിയയ്‌ക്ക് വിധേയനായി. വ്യാഴാഴ്‌ച്ച നടന്ന ശസ്ത്രക്രിയ രണ്ടര മണിക്കൂര്‍ നീണ്ടു.
മുംബൈ ചര്‍ണി റോഡിലുള്ള സെയ്ഫീ ആശുപത്രിയിലാണ് ദൗലത് റാമിന് ചികിത്സ. 12 മാസത്തെ ചികിത്സ പൂര്‍ത്തിയാവുന്നതോടെ 80 കിലോ വരെ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ 180 കിലോഗ്രാമാണ് ഇയാളുടെ ഭാരം.
ചികിത്സ പൂര്‍ത്തിയാവുന്നതോടെ ദൗലതിന്റെ പ്രമേഹവും മറ്റ് രോഗങ്ങളും പരിധിവരെ ഇല്ലാതാക്കാന്‍ സാധിക്കുന്നതാണ്. ചികിത്സയോട് ദൗലത് റാമിന്റെ ശരീരം വിചാരിച്ചതു പോലെ അനുകൂലമായി പ്രതികരിക്കുകയാണെങ്കില്‍ ദൗലത് റാം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആശുപത്രി വിടുന്നതാണെന്ന് ബരിയാട്രിക് സര്‍ജന്‍ ഡോ. മുഫസല്‍ ലക്ദവാല അറിയിച്ചു.
















