തിരുവനന്തപുരം: രാഷ്‌ട്രസേവനത്തിന് ജീവിതം സമര്‍പ്പിച്ച സൈനികന്റെ മൃതദേഹത്തോട് സംസ്ഥാനസര്‍ക്കാരിന്റെ അനാദരവ്. ഇന്നലെ രാവിലെ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ഏറ്റുവാങ്ങാന്‍ ജനപ്രതിനിധികളാരും എത്തിയില്ല. കൊല്ലം സ്വദേശി റോയി മാത്യുവിന്റെ മൃതദേഹമാണ് ഏറ്റുവാങ്ങാന്‍ ജനപ്രതിനിധികളെത്താതു മൂലം ഒരു മണിക്കൂറോളം അനാഥമായി കിടന്നത്. ജനപ്രതിനിധികളെത്താഞ്ഞതു മൂലം 25 മിനിറ്റോളം മൃതദേഹം ദേശീയപതാക പുതപ്പിക്കാതെ സൂക്ഷിക്കേണ്ടതായും വന്നു.
മഹാരാഷ്‌ട്രയിലെ നാസിക്കില്‍ ദേവ്‌ലാലി സൈനിക ക്യാമ്പിന് സമീപമുള്ള ആളൊഴിഞ്ഞ കെട്ടിടത്തില്‍ വ്യാഴാഴ്ചയാണ് റോയി മാത്യുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മോശം തൊഴില്‍ സാഹചര്യത്തെക്കുറിച്ച് ഒരു ഓണ്‍ലൈന്‍ മാധ്യമം വാര്‍ത്ത പുറത്തുവിട്ടതിനെത്തുടര്‍ന്ന് റോയിയെ കാണാതാവുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. റോയി ആത്മഹത്യ ചെയ്തതാണെന്ന് സൈന്യം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
എന്നാല്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ച ബന്ധുക്കള്‍ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന് ആവശ്യപ്പെട്ടതും വിമാനത്താവളത്തില്‍ അനിശ്ചിതത്വമുണ്ടാക്കി. മൃതദേഹം റോയിയുടെ വീട്ടിലെത്തിക്കാനാണ് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നതെന്ന് അകമ്പടിയായെത്തിയ സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മറിച്ച് പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോകണമെങ്കില്‍ നാസിക്കിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കണമെന്നും അവര്‍ പറഞ്ഞു.
ഇത് റോയിയുടെ ബന്ധുക്കളും അകമ്പടിയായെത്തിയ സൈനികോദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കത്തിനിടയാക്കി. അവസാനം കളക്ടര്‍ എത്തി ചര്‍ച്ച നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍കോളേജിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി ഉച്ചയോടെ ബന്ധുക്കള്‍ക്കു കൈമാറിയ മൃതദേഹം ജന്മനാടായ കൊല്ലത്തേക്കു കൊണ്ടുപോയി. റോയിയുടെ ഭാര്യയും അടുത്തബന്ധുക്കളും മൃതദേഹം ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു.
















