തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങള്‍ നിരന്തരം ആക്രമിക്കപ്പെടുന്നതില്‍ പ്രതിഷേധിച്ച് എസ്എന്‍ഡിപി യോഗം യൂത്ത് മൂവ്‌മെന്റ് സെക്രട്ടേറിയറ്റ് പടിക്കല്‍ കൂട്ട ഉപവാസം സംഘടിപ്പിച്ചു. യൂത്ത് മൂവ്‌മെന്റ് സംസ്ഥാന ചെയര്‍മാന്‍ സന്ദീപ് കടയ്‌ക്കല്‍ ഉദ്ഘാടനം ചെയ്തു.
ഭ്രാന്താലയമെന്ന് സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിച്ച കേരളത്തെ തീര്‍ത്ഥാലയമാക്കുന്നതില്‍ വലിയ പങ്കുവഹിച്ച ഗുരുദേവ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളാണ് സാമൂഹ്യവിരുദ്ധര്‍ നിരന്തരം ആക്രമിക്കുന്നതെന്ന് സന്ദീപ് പറഞ്ഞു. കേരളം മാറിമാറി ഭരിച്ച സര്‍ക്കാരുകളൊന്നും ഇതിനെതിരെ നടപടി സ്വീകരിച്ചില്ല. ശിവഗിരിയിലെ ക്ഷേത്രമുള്‍പ്പെടെ തകര്‍ക്കപ്പെട്ടു. എസ്എന്‍ഡിപിയും ഗുരുഭക്തരും പന്തലുകെട്ടി സമരം നടത്തിയെങ്കിലും പ്രതികളെ പിടികൂടിയില്ല. അധികാരികളുടെ കണ്ണുതുറക്കാനാണ് സമാധാനപരമായ സമരം ചെയ്യുന്നത്. നടപടി ഉണ്ടായില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സന്ദീപ് കടയ്‌ക്കല്‍ മുന്നറിയിപ്പ് നല്‍കി.
ബിജെപി സംസ്ഥാനഅധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ദേശീയ നിര്‍വാഹകസമിതിഅംഗം വി. മുരളീധരന്‍, കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസ് എന്നിവര്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചു. യൂത്ത് മൂവ്‌മെന്റ് ജില്ലാ ചെയര്‍മാന്‍ ബൈജു തോന്നയ്‌ക്കല്‍ അധ്യക്ഷതവഹിച്ചു.
















